പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ

ആകാംക്ഷകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍ തന്നെയാണ് പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ ആര് മത്സരിക്കുമെന്ന ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിനാണ് ഇന്ന് വിരാമമായിരിക്കുന്നത്. സുരേന്ദ്രന് വേണ്ടി ആര്‍എസ്എസിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.

Read more: പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍? ചുവരെഴുത്തും, തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും തുടങ്ങി

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ കൂടാതെ പി എസ് ശ്രീധരന്‍ പിള്ളയുടേയും എം ടി രമേശിന്റേയും പേരുകളായിരുന്നു ഉയര്‍ന്നു കേട്ടത്. പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള സന്നദ്ധത ശ്രീധരന്‍പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ ബിജെപി ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ പത്തനംതിട്ട ഒഴിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു നടന്നത്. ഇതിന് പിന്നാലെ രണ്ടാംഘട്ട പട്ടികയും പുറത്തുവന്നു. അപ്പോഴും പത്തനംതിട്ടയില്‍ ആര് മത്സരിക്കുമെന്ന് വ്യക്തമായിരുന്നില്ല.

അതിനിടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി പ്രചാരണവും ആരംഭിച്ചു. കെ സുരേന്ദ്രനെ വിജയിപ്പിക്കുക എന്ന് കാണിച്ച് ചുവരെഴുത്തുകളും സജീവമായി. ബൂത്ത് കണ്‍വെന്‍ഷന്‍ സംബന്ധിച്ച നോട്ടീസിലും പറയുന്നത് കെ സുരേന്ദ്രനാണ് പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെന്നായിരുന്നു. അടുത്ത കേന്ദ്രമന്ത്രിയ്ക്കായി പ്രചരണം ആരംഭിച്ചെന്നായിരുന്നു സുരേന്ദ്രന്‍ അനുകൂല ഫെയ്‌സ്ബുക്ക് പേജുകളിലെ ആഹ്വാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top