‘പാര്‍ട്ടിയുമായി ബന്ധമില്ലാത്ത എനിക്ക് പാര്‍ട്ടി ഓഫീസില്‍ പോകേണ്ട ആവശ്യമില്ല’; തുറന്നുപറഞ്ഞ് ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ അറസ്റ്റിലായ പ്രകാശന്‍; വീഡിയോ

ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രകാശന്‍ തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ കുറച്ചു മാസമായി അവളുമായി യാതൊരു ബന്ധവുമില്ല. പ്രത്യേകിച്ച് കാരണമൊന്നും പറയാതെ അവള്‍ പോയതാണ്. എന്തിന്റെ പേരിലാണ് അവള്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും പ്രകാശ് പറയുന്നു. ഇക്കാര്യങ്ങള്‍ പ്രകാശന്‍ പറയുന്ന സെല്‍ഫി വീഡിയോ ട്വന്റിഫോറിന് ലഭിച്ചു.

തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി ഓഫീസില്‍ പോകേണ്ടതിന്റെ ആവശ്യം വന്നിട്ടില്ല. അവള്‍ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് അത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അറിയില്ല. ആരെയും പറ്റിക്കണമെന്ന് തനിക്ക് ഉദ്ദേശമില്ല. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ല. ഏതെങ്കിലും പാര്‍ട്ടിയുടെ പേര് പറയുന്നുണ്ടെങ്കില്‍ അവരൊക്കെ നിരപരാധികളാണെന്നും പ്രകാശന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇന്നലെ പ്രകാശിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് തൊട്ടു മുന്‍പ് പറഞ്ഞ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Read more: ചെര്‍പ്പുളശ്ശേരി പീഡനം; പ്രതി പ്രകാശന്‍ അറസ്റ്റില്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് സിപിഐഎമ്മിന്റെ ചെര്‍പ്പുളശ്ശേരി ഏരിയ ഓഫീസില്‍ താന്‍ പീഡനത്തിനിരയായതായി യുവതി ആരോപണം ഉന്നയിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായിരുന്ന തന്നെ സഹപ്രവര്‍ത്തകന്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നും കോളെജ് മാഗസിന്‍ തയ്യാറാക്കാനെത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ വച്ചും പീഡനം നടന്നുവെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

ഈ മാസം 16 ന് മണ്ണൂര്‍ നഗരിപ്പുറത്ത് ഒരു വീടിന് പിന്നിലെ വളപ്പില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവതിയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പീഡനത്തിനിരയായതായി പെണ്‍കുട്ടി വെളിപ്പെടുത്തി. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും പാര്‍ട്ടി ഓഫീസില്‍വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി ആവര്‍ത്തിച്ചിരുന്നു.

Loading...
Top