വയനാട്ടിലും വടകരയിലും ആര്? സസ്‌പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ് എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 38 ലോക്‌സഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന എട്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയത്.

ആറ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഖെ കര്‍ണ്ണാടകയിലെ ഗുര്‍ബാര്‍ഗെയില്‍ നിന്നും ദിഗ്‌വിജയ് സിങ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും ഹരീഷ് റാവത്ത് നൈനിറ്റാളില്‍ നിന്നും ജനവിധി തേടും. വീരപ്പമൊയ്‌ലി-ചിക്കബല്ലപുര്‍, മീനാക്ഷി നടരാജന്‍-മന്‍ഡസൗര്‍, അശോക് ചവാന്‍-നന്‍ഡെഡ് എന്നിങ്ങനെയാണ് മത്സരിക്കുക.


ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെ 53 സ്ഥാനാര്‍ഥികളെയും സിക്കിമിലെ 32 സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top