വെള്ളാപ്പള്ളി നടേശൻ സിപിഎം-ബിജെപി ബന്ധത്തിന്റെ കണ്ണിയാണെന്ന് സുധീരൻ

സിപിഎം-ബിജെപി ബന്ധത്തിന്റെ കണ്ണിയായാണ് വെള്ളാപ്പള്ളി നടേശൻ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരൻ. വെള്ളാപ്പള്ളിയുടേത് വിശ്വാസ്യത നഷ്ടപ്പെട്ടവന്റെ വിലാപമാണ്. തെറ്റായ  ദിശയിലാണ് എസ്‌എൻഡിപിയെ വെള്ളാപ്പള്ളി നയിക്കുന്നതെന്നും  സുധീരൻ ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെള്ളാപ്പള്ളിയുമായി ഇപ്പോൾ കൂട്ടുചേരുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയും പിണറായിയും തമ്മിൽ ഗൂഢ ബന്ധമാണുള്ളത്.ലാവ്‌ലിൻ കേസിൽ പിണറായിയെ രക്ഷിക്കുന്ന നിലപാട് കേന്ദ്രം എടുത്തത് കൊണ്ടാണ് മോദിക്കെതിരായ റഫേൽ അഴിമതിയിൽ പിണറായി പ്രതികരിക്കാത്തത്. ഹാരിസൺ കമ്പനിക്കും ടാറ്റയ്ക്കും ഇല്ലാത്ത ഭൂമി ഉടമസ്ഥാവകാശം പതിച്ച് നൽകാൻ സർക്കാർ ശ്രമിച്ചുവെന്നും സുധീരൻ ആരോപിച്ചു. ഭൂമി പതിച്ചുനൽകുന്നതിൽ സിപിഎമ്മും സിപിഐ യും ഒറ്റക്കെട്ടാണ്.

ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ കമ്മ്യൂണിസം കൈവിട്ട് ക്യാപിറ്റലിസം സ്വീകരിച്ചവരാണെന്നും സുധീരൻ പറഞ്ഞു. വയനാട്ടിൽ രാഹുൽ മൽസരിക്കണമെന്നത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹവും ആവശ്യവുമാണെന്നും തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വമാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.

അതേ സമയം വെള്ളാപ്പള്ളിക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് വിഎം സുധീരന്റെ വാർത്താ സമ്മേളനത്തിനിടെ  കെപിസിസി നിർവാഹക സമിതി അംഗം ഡി സുഗതൻ ഇറങ്ങി പോയി.സുധീരന്റെ വിമർശനങ്ങൾ അനവസരത്തിലുള്ളതാണെന്നും  തെരഞ്ഞെടുപ്പ് കാലത്ത് സമുദായ നേതാക്കളെ അപമാനിക്കുന്നത് ശരിയല്ലെന്നും ഡി സുഗതൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top