Advertisement

വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് യുവാവ് മരിച്ചു

March 24, 2019
Google News 1 minute Read

വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് യുവാവ് മരിച്ചു . കാട്ടിക്കുളം ബേഗൂർ കോളനിയിലെ സുന്ദരൻ (27) ആണ് മരിച്ചത്. കുരങ്ങു പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ രണ്ട് പേരും ബാവലിയിലെ 46 കാരിയും ഉൾപ്പടെ ആറ് പേർ ചികിത്സയിലാണ്

വയനാട് ജില്ലയിൽ അടുത്തകാലത്തായി ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട അസുഖമാണ് കുരങ്ങുപനി. കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം.

ലക്ഷണങ്ങൾ

ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി
തലകറക്കം , ഛർദ്ദി
കടുത്ത ക്ഷീണം
രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം
ദേഹത്ത് ചൊറിഞ്ഞ് തടിക്കൽ

നവംബർ മുതൽ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതൽ എട്ട് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാകാം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പർക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും.വളർത്തു മൃഗങ്ങളിൽ രോഗം പ്രകടമാകുമ്പോൾ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ചാൽ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളർത്തുമൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങൾ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.

പ്രതിവിധി

കന്നുകാലികളിൽ 1% വീര്യമുള്ള Flumethrin ലായനി ഉപയോഗിക്കാം. Flupor, Poron എന്നീ പേരുകളിൽ 50 മി.ലി. കുപ്പികളിലും ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതൽ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. സൂര്യപ്രകാശം തട്ടിയാൽ തൊലിപ്പുറമേ അലർജിയാണ്ടാകാൻ സാധ്യതയുള്ളതിനാൽ അതിരാവിലെയോ സന്ധ്യക്കോ ലേപനം പുരട്ടുന്നതാണ് നല്ലത്. ഒരു തവണ മരുന്ന് ഉപയോഗിച്ചാൽ 45 ദിവസത്തേക്ക് പ്രയോജനം ലഭിക്കും.

വളര്‍ത്തു നായ്ക്കളില്‍ 12.5% വീര്യമുള്ള Deltamethrinഎന്ന മരുന്ന് ഉപയോഗിക്കണം. Butox 12.5% എന്ന പേരില്‍ 15 മി.ലി. കുപ്പികളിലും മരുന്ന് ലഭ്യമാണ്. രണ്ട് മി.ലി. മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. രണ്ടാഴ്ച ഇടവേളയിലേ ഇത് ഉപയോഗിക്കേണ്ടതുള്ളൂ. സുല്‍ത്താന്‍ ബത്തേരി, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മൃഗാശുപത്രികള്‍ വഴിയും മരുന്ന് വിതരണം ചെയ്യുന്നുണ്ട്.

വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തു നായ്ക്കള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം. വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും അതാത് മൃഗാശുപത്രികളുമായി ബന്ധപ്പെടണം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here