തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങളില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയുടെ ഇടപെടല്‍. പൊതുസ്ഥലങ്ങളില്‍ ഒരുകാരണവശാലും ഫ്‌ളക്‌സുകള്‍ വയ്ക്കാന്‍ പാടില്ല. ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ അതാത് സ്ഥലത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപിച്ചവരില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ പിഴ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം നീക്കം ചെയ്യുന്ന ഫളക്‌സ് ബോര്‍ഡുകള്‍ അതത് രാഷ്ട്രീയ പാര്‍ട്ടികളെ തന്നെ തിരിച്ചേല്‍പ്പിക്കണമെന്നും പൊതുസ്ഥലത്ത് കൂട്ടിയിടരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഫള്ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കേസ് നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവു എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. പരിസ്ഥിതി സൗഹൃദകരമായ ബോര്‍ഡുകള്‍ മാത്രമെ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കാവു എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവും ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top