തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കമല്‍ ഹാസന്‍

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രചാരണത്തിനിറങ്ങുക. തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി മത്സരിക്കാത്തത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സഹായകരമാകുമെന്ന് മമതാ ബാനര്‍ജിയും പ്രതികരിച്ചു.

കല്‍ക്കത്തയില്‍ എത്തിയാണ് കമല്‍ഹാസന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനാര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമലഹാസന്റെ മക്കള്‍ നീതി മയ്യം തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുകയാണ് ലക്ഷ്യമെന്നും ഇത്തവണ മത്സര രംഗത്ത് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതിന് തൊട്ടടുത്ത ദിവസമാണ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കുന്നതും.

കമല്‍ഹാസന്റെ പാര്‍ട്ടി ഇത്തവണ മത്സരിക്കാതിരിക്കുന്നത് തമിഴ് നാട്ടിലെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സഹായകമാകുമെന്ന് മമത ബാനര്‍ജി പറഞ്ഞു. അത് നല്ല തീരുമാനമാണെന്നും മമത പ്രതികരിച്ചു.

തമിഴ്‌നാട് പോലെ കേരളവും പശ്ചിമ ബംഗാളും തനിക്ക് ഇഷ്ടപ്പെട്ട ഇടങ്ങളാണെന്നും അത് കൊണ്ടാണ് മമത ബാനര്‍ജിയെ കാണാനെത്തിയതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. സ്വന്തം പാര്‍ട്ടി രൂപികരിച്ച ശേഷം മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കമല്‍ഹാസന്റെ നടപടി രാഷ്ട്രീയമായി വിമര്‍ശിക്കപ്പെടാന്‍ ഇടയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top