സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ രാജി വച്ചു

goyal

ജെറ്റ് എയർവേസ്  കമ്പനിയുടെ സ്ഥാപകകനും പ്രമോട്ടറുമായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ബോർഡ് അംഗത്വം രാജി വെച്ചു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റാനുള്ള പദ്ധതികള്‍ ചർച്ച ചെയ്യാന്‍ വിളിച്ച് ചേർത്ത ബോർഡ് യോഗത്തില്‍ വെച്ചാണ് രാജി പ്രഖ്യാപനം. കമ്പനി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മറ്റ് ബോർഡ് അംഗങ്ങള്‍ ഗോയലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് മുബൈയില്‍ വെച്ച് നടന്ന ജെറ്റ് എയർവേസ് ബോർഡ് യോഗത്തിലാണ് നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ബോർഡ് അംഗത്വം രാജി വെക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ഇരുവരുടെയും രാജി ഓഹരിയുടമകള്‍ ആവശ്യപ്പെടുകയായിരുന്നു. 1993ലാണ് നരേഷ് ഗോയല്‍ ജെറ്റ് എയർവേസ് വിമാന കമ്പനി രൂപീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായി ജെറ്റ് എയർവേസിനെ വളർത്തി കൊണ്ട് വരാന്‍ അദ്ദേത്തിന് കഴിഞ്ഞു. എന്നാല്‍ കുറച്ച് മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുകയാണ് സ്ഥാപനം.
ശമ്പളം നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജെറ്റ് എയർവേഴ്സ് പൈലറ്റുമാർ വിമാനം പറത്തില്ലെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലായ പൈലറ്റുമാർ വിമാനമോടിക്കുന്നത് യാത്ര സുരക്ഷയെ ബാധിക്കുമെന്നും കാട്ടി ജീവനക്കാരുടെ സംഘടന കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. നാല് ജെറ്റ് എയർവേസ് വിമാനങ്ങള്‍ സർവ്വീസ് നിർത്തി വെക്കുകയും ചെയ്തു. വിഷയം കൂടുതല്‍ സങ്കീർണ്ണമാകുന്ന പശ്ചാത്തലത്തില്‍ സർക്കാർ തലത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചനക്കിടെയാണ് ഇന്ന് ബോർഡ് യോഗം നടന്നത്. കമ്പനിയുടെ പുതിയ ചെയർമാന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനം പുറത്ത് വന്നിട്ടില്ല. പുതിയ ചെയർമാന്‍ അധികാരമേറ്റ ശേഷമാകും പ്രശ്ന പരിഹാരത്തിനുള്ള ശ്രമം ഉണ്ടാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top