വിവാദ പരാമര്‍ശം; രാധാ രവിക്ക് മറുപടിയുമായി നയന്‍താര

നടന്‍ രാധാ രവിയുടെ വിവാദ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടമാക്കി നടി നയന്‍താര. സ്ത്രീകള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് നയന്‍താര പ്രതികരിച്ചു. ഇത്തരം മെയില്‍ ഷോവനിസ്റ്റുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമങ്ങള്‍ സമൂഹം ഒന്നടങ്കമായി നിരുത്സാഹപ്പെടുത്തണമെന്നും നയന്‍താര ആവശ്യപ്പെട്ടു.

പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെക്കുറിച്ചും രാധാ രവി നടത്തിയ ലൈംഗിക പരാമര്‍ശം വന്‍ വിവാദമായിരുന്നു. നയന്‍താരയുടെ പുതിയ ചിത്രമായ കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. നയന്‍താരയെ സൂപ്പര്‍താരങ്ങളായ രജനികാന്ത്, എംജിആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം.

Read more: നയന്‍താരക്കെതിരായ വിവാദ പരാമര്‍ശം; രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു

അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും എന്നതാണ്. തമിഴ് സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു, അതേസമയം തന്നെ തെലുങ്കില്‍ സീതയായും അഭിനയിക്കുന്നുണ്ട്. തന്റെ ചെറുപ്പകാലത്ത് കെ ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നും രാധാ രവി പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശത്തിന് പിന്നാലെ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ ഞാഴറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top