സര്‍ക്കാറിന് തിരിച്ചടി; ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാറിന്റെ ഹര്‍ജി തള്ളി

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുളള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജികള്‍ തള്ളി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈകോടതി നടപടിയിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി നിയോഗിച്ച ശബരിമലയില്‍ മേല്‍നോട്ട സമതിയുടെ പ്രവര്‍ത്തനം പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുന്നുവെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മേല്‍നോട്ട സമിതിയ്ക്ക് എതിരായ ഹര്‍ജിയും തള്ളി. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപീക്കാമെന്നും കോടതി. മണ്ഡലക്കാലത്ത് കെ എസ് ആർ ടി സി നിരക്ക് വർധിപ്പിച്ചെന്ന് കാട്ടി ഹിന്ദു ഐക്യ വേദി നൽകിയ ഹർജിയും സുപ്രീം കോടതി തള്ളി

ക്രമസമാധാന വിഷയങ്ങൾ സർക്കാരിന്‍റെ അധികാര പരിധിയിൽ ഉള്ള വിഷയമാണെന്നും ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയമിക്കുക വഴി ഹൈക്കോടതി പോലീസിന്‍റെ അധികാര പരിധിയിലേക്ക് കടന്ന് കയറിയെന്നുമായിരുന്നു സുപ്രീം കോടതിയില്‍ സംസ്ഥാന സർക്കാരിന്‍റെ വാദം. ക്രമസമാധാന പാലനം, തിരക്ക് നിയന്ത്രിക്കുക തുടങ്ങിയ പോലീസിന്റെ ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും ഇടപെടാനും നിരീക്ഷണ സമിതിക്ക് ഹൈകോടതി അനുമതി നല്‍കിയത് പോലീസിന്റെ സ്വാതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നടപടിയില്‍ ഇടാപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മണ്ഡലകാലത്ത് കെ എസ് ആർ ടി സി ബസുകള്‍ക്ക് അമിത നിരക്ക് വർദ്ധിപ്പിച്ചത് ചോദ്യം ചെയ്തും സ്വകാര്യ വാഹനങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്ത് കളയണമെന്നും ആവശ്യപ്പെട്ടും ഹിന്ദു ഐക്യവേദി നല്‍കിയ ഹർജിയും കോടതി തള്ളി. മലമുകളിലേക്ക് വാഹനം കൊണ്ടു പോകണമോ എന്ന് കോടതി പരിഹസിച്ചു. സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.

ഇത് പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ നടപടികളില്‍ ഇടപെടാന്‍ ആകില്ലെന്നുമാണ് ഇപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.  എല്ലാ റിട്ട് ഹര്‍ജികളും മാറ്റം വരുത്താന്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശനം സംബന്ധിച്ച അനുകൂല വിധിയ്ക്ക് എതിരെ സുപ്രീം കോടതിയ്ക്ക് മുന്നിലുള്ള ഹര്‍ജികള്‍ക്ക് ഒപ്പം ഇതും പരിഗണിക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി നിരസിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top