‘രാഹുല്‍ സപ്നയെ ഭാര്യയാക്കണം, അമ്മയും ഭാര്യയും ഒരു തൊഴില്‍ ചെയ്യുമ്പോള്‍ ജീവിതം സന്തുഷ്ടമാകും’; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ബോജ്പുരി നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അശ്ലീല പരാമര്‍ശവുമായി ബിജെപി ഉത്തര്‍പ്രദേശ് എംഎല്‍എയായ സുരേന്ദ്ര സിങ് രംഗത്ത്. എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ സപ്‌ന ചൗധരിയെ സോണിയ ഗാന്ധിയോട് സുരേന്ദ്ര സിങ് ഉപമിച്ചു. രണ്ട് പേര്‍ക്കും ഒരേ തൊഴിലാണെന്നും രാഹുലിന്റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചതുപോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. പരാമര്‍ശം വിവാദമായിരിക്കുകയാണ്.

രാഹുലിന് രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് നര്‍ത്തകരെ രാഷ്ട്രീയക്കാരാക്കാന്‍ തീരുമാനിച്ചതില്‍ താന്‍ സന്തോഷിക്കുന്നു. നര്‍ത്തകിമാരെ രാഷ്ട്രീയക്കാരായി ഈ രാജ്യം അംഗീകരിക്കില്ല. പ്രത്യേകിച്ചും സദാചാരമൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോള്‍ ഒരിക്കലും അത് അംഗീകരിക്കില്ല. രാഹുല്‍ സപ്നയെ വിവാഹം കഴിക്കണം. ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്‌കാരവും ഉള്ളവരാകുമ്പോള്‍ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കുമെന്നും സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.


സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേരുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനിടെ വാര്‍ത്തകള്‍ നിഷേധിച്ച് സപ്ന ചൗധരി രംഗത്തെത്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിക്ക് ഒരു പോലെയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നും സപ്‌ന ചൗധരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സപ്ന ചൗധരി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതായി പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read more: കോൺഗ്രസിൽ ചേർന്നതായ വാർത്ത നിഷേധിച്ച് സപ്‌ന ചൗധരി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top