വരുൺ ഗാന്ധിക്ക് പിലിഭിത്ത് സീറ്റ് നൽകി ബിജെപി; അസം ഖാനെതിരെ ജയപ്രദ മത്സരിക്കും

മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചെന്ന വിവാദം നില നിൽക്കെ വരുൺ ഗാന്ധിക്ക് സീറ്റ് നൽകി ബി ജെ പി.യുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. വരുൺ ഗാന്ധി കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് പിലിഭിത്തിൽ വരുൺ ഗാന്ധിയുടെ പേരുൾപ്പെടുന്ന സ്ഥാനാർത്ഥി പട്ടിക ബിജെപി ഇന്ന് പുറത്തിറക്കിയത്. വരുൺ ഗാന്ധിയുടെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധി ഉത്തർ പ്രദേശിലെ സുൽത്താൻ പൂരിൽ നിന്ന് ജനവിധി തേടും.
Read Also; മുരളി മനോഹർ ജോഷിയോട് മത്സരിക്കേണ്ടെന്ന് ബിജെപി
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിലിഭിത്തിൽ മേനകാ ഗാന്ധിയും സുൽത്താൻ പൂരിൽ വരുൺ ഗാന്ധിയുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ ഇരുവർക്കും മണ്ഡലങ്ങൾ പരസ്പരം മാറ്റിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ബി.ജെ പിയിൽ അംഗത്വം എടുത്ത നടിയും മുൻ സമാജ് വാദി പാർട്ടി എംപിയുമായ ജയപ്രദ ഉത്തർപ്രദേശിലെ രാംപൂരിൽ മത്സരിക്കും. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അസം ഖാനെതിരെയാണ് ജയപ്രദയുടെ മത്സരം.
2004 ലും 2009 ലും രാംപൂരിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എം പി യായിരുന്നു ജയപ്രദ. കേന്ദ്ര റെയിൽവെ സഹമന്ത്രി മനോജ് സിൻഹ ഗാസിർപൂരിൽ നിന്ന് ജനവിധി തേടും. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ ചണ്ടോളിയിൽ നിന്നാണ് മത്സരിക്കുക.
കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ റീത്ത ബഹുഗുണ ജോഷി അലഹബാദിൽ നിന്നും ജനവിധി തേടും. ഉത്തർപ്രദേശിലെ 29 സ്ഥാനാർത്ഥികളെയും പശ്ചിമ ബംഗാളിലെ 10 സ്ഥാനാർത്ഥികളെയുമാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here