Advertisement

‘അഷിത, ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരി’ : മുഖ്യമന്ത്രി

March 27, 2019
Google News 1 minute Read

ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സ്ത്രീകൾക്കുനേരെ പൊതു ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ തന്റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്റെ ഭാഷ തെളിഞ്ഞു കണ്ടു.

വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Read More : പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂരിലെ അശ്വനി ആശുപത്രിയിൽ രാത്രി ഒരു മണിയോടെ ആയിരുന്നു അഷിതയുടെ അന്ത്യം. അർബുദ ബാധയെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു.

1956 ഏപ്രിൽ 5-നു കെ.ബി. നായരുടെയും തങ്കമണിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ പഴയന്നൂരിലാണ് അഷിതയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലും മുംബൈയിലുമായി പൂർത്തിയാക്കി. തുടർന്ന് എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടി. ബാലസാഹിത്യ കൃതികളിലൂടെയും പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തിയും ശ്രദ്ധേയയായി. വിസ്‌മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, ഒരു സ്‌ത്രീയും പറയാത്തത്, മയിൽപ്പീലി സ്‌പർശം, തുടങ്ങി നിരവധി കൃതികൾ ആഷിതയുടേതായുണ്ട്. 2015 ലെ സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകൾ എന്ന കൃതിക്കു ലഭിച്ചു. ലളിതാംബിക അന്തർജനം അവാർഡ്, ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. സംസ്കാരചടങ്ങുകൾ 12ന് തൃശൂർ ശാന്തികവാടത്തിൽ നടക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here