Advertisement

സ്ഥിരം ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനം നീളുന്നു

March 27, 2019
Google News 0 minutes Read

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ സ്ഥിരമായി വാടകയ്‌ക്കെടുക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നു. ചീഫ് സെക്രട്ടറിയുടെ  നേതൃത്വത്തിൽ   ഇന്നും യോഗം ചേർന്നെങ്കിലും തീരുമാനമെടുക്കാനായില്ല. സാങ്കേതിക റിപ്പോർട്ടും സാമ്പത്തിക ചിലവ് സംബന്ധിച്ച റിപ്പോർട്ടും നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമായതു കൊണ്ടാണ് തീരുമാനം വൈകുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി കഴിഞ്ഞയാഴ്ചയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി സ്ഥിരം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനെപ്പറ്റി ആലോചിക്കാൻ നേരത്തെ തീരുമാനമായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. അടിയന്തര ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഹെലികോപ്റ്റർ അത്യാവശ്യമാണെന്ന ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഹെലികോപ്റ്റർ യാത്രകളിൽ പലതും വിവാദങ്ങൾക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റർ എന്ന ചർച്ചകൾ സജീവമായത്. വി എസ് സർക്കാരിന്റെ കാലത്ത് തള്ളി കളഞ്ഞ ശുപാർശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പോലീസ് ആസ്ഥാനത്തു നിന്നാണ്. ചിപ്‌സാൻ, പവൻ ഹാസൻസ് എന്നീ രണ്ടു കമ്പനികളാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.

എന്നാൽ രണ്ട് കമ്പനികളിൽ ഒന്നിന് കരാർ നൽകണമെന്ന പൊലീസ് ആസ്ഥാനത്തു നിന്നുള്ള ശുപാർശ ആഭ്യന്തരവകുപ്പ് നേരത്തെ നിരാകരിച്ചിരുന്നു. ഇവർ നൽകിയ വാടക നിരക്ക് കൂടുതലായതിനാൽ ടെണ്ടർ വിളിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പ് നിലപാട്. ഇതേ തുടർന്നാണ് കരാർ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാൻ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here