മക്കയിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി

മക്കയിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുപ്പതോളം സ്ഥലങ്ങളിലെ താമസക്കാരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. വിപുലീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. പകുതിയോളം ഭാഗങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നും നഗരസഭ അറിയിച്ചു.മക്ക നഗരത്തിന്റെയും ഹറം പള്ളിയുടെയും വികസനത്തിനായി നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നും താമസക്കാരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അറുപതോളം സ്ഥലങ്ങളാണ് ഒഴിപ്പിക്കാനുള്ളത്. ഇതിൽ മുപ്പതും ഒഴിപ്പിച്ചതായി മക്ക നഗരസഭാ അണ്ടർസെക്രട്ടറി ഖാലിദ് ഫിദ അറിയിച്ചു.
ഏഴു വർഷം മുമ്പാണ് മക്കയുടെ സമഗ്ര വികസന പദ്ധതി തയ്യാറാക്കിയത്. അഭയാർഥികളും റോഹിങ്ക്യൻ മുസ്ലിങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന പല സ്ഥലങ്ങളും മതിയായ നഷ്ടപരിഹാരം നൽകി വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ ഏറ്റെടുത്തു. ഹറം പള്ളിക്ക് സമീപം ജബൽ ഉമർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ നിരവധി ഹോട്ടലുകളും വ്യാപാര സ്ഥാപങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്. മലകളാൽ ചുറ്റപ്പെട്ട മക്കാ നഗരത്തിൽ മലകൾ തുരന്നും നിരത്തിയുമാണ് വികസന പദ്ധതി കൊണ്ടുവരുന്നത്. തീർഥാടകരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് മികച്ച താമസയാത്രാഷോപ്പിംഗ് സൗകര്യങ്ങൾ ഒരുക്കുകയാണ് നഗരസഭ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here