Advertisement

ഓച്ചിറയിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

March 27, 2019
Google News 1 minute Read
police asks to present certificates proving age of kidnapped girl ochira

ഓച്ചിറയിൽ നിന്നും കടത്തിക്കൊണ്ട് പോയ പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പോലീസ് നിർദ്ദേശം. ആധാർ അടക്കമുള്ള രേഖകൾ ഹാജരാക്കാനാണ് നിർദ്ദേശം. അതേസമയം പെൺകുട്ടിയെയും കൊണ്ട് അന്വേഷണ സംഘം വൈകുന്നേരത്തോടെ ഓച്ചിറയിൽ എത്തുമെന്നാണ് വിവരം.

ഓച്ചിറയിൽ നിന്ന് കടത്തിക്കൊണ്ട് പോയ ഇതര സംസ്ഥാന പെൺകുട്ടിയുടെ വയസ്സ് സംബന്ധിച്ച അവ്യക്തത ഉണ്ടായ സാഹചര്യത്തിലാണ് വയസ്സ് സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ പോലീസ് നിർദ്ദേശിച്ചത്. പെൺകുട്ടിക്ക് 15 വയസ്സു മാത്രമേ പ്രായമായിട്ടുള്ളൂവെന്നാണ് മാതാപിതാക്കൾ നൽകിയിട്ടുള്ള മൊഴി. സ്റ്റേഷനിൽ നൽകിയ പരാതിയിലും 15 വയസ്സെന്ന് തന്നെയാണ് കാണിച്ചിട്ടുള്ളത്. എന്നാൽ മുംബൈയിൽ പൊലീസിന് പെൺകുട്ടിയും റോഷനും നൽകിയ മൊഴിയിൽ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്നാണ് പറയുന്നത്. ഇതു പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. അതുകൊണ്ടാണ് നേരത്തേ പിടികൂടിയ പ്രതികൾക്കെതിരെ പോക്‌സോ ചുമത്തിയതും.

Read Also : ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; റോഷനോടൊപ്പം സ്വമേധയാ പോയതാണെന്ന് പെണ്‍കുട്ടി

എന്നാൽ നിലവിൽ പ്രായം സംബന്ധിച്ച് തർക്കം ഉണ്ടായ സാഹചര്യത്തിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതേസമയം പെൺകുട്ടിയെയും റോഷനെയും കൊണ്ട് അന്വേഷണ സംഘം ഇന്നെത്തുമെന്നാണ് വിവരം. റോഡുമാർഗ്ഗം വാഹനത്തിലാണ് സംഘം തിരികെ വരുന്നത്. ഓച്ചിറയിലെ ഒരു സുഹൃത്തിന്റെ നമ്പരിൽ വിളിച്ചതാണ് കേസന്വേഷണത്തിൽ നിർണായകമായത് .

ഒമ്പത് ദിവസം മുമ്പാണ് രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വഴിയോര കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ കടത്തിയത്. പ്രദേശത്തെ ഇടത് നേതാവിന്റെ മകനായ മുഹമ്മദ് റോഷനാണ് കേസിലെ പ്രധാന പ്രതി. പെണ്‍കുട്ടിയുമായി ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. രണ്ട് വനിത പൊലീസ് ഉള്‍പ്പെടെ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം ബംഗളൂരുവില്‍ എത്തിയത്. സംഘം രണ്ട് വിഭാഗമായി തിരിഞ്ഞ് ബംഗളൂരുവില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചോ പെണ്‍കുട്ടിയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ബൈക്ക് വിറ്റ പണം കയ്യിലുള്ള റോഷന്‍ പെണ്‍കുട്ടിയേയും കൊണ്ട് യാത്ര ചെയ്ത് കൊണ്ട് ഇരിക്കുകയായിരുന്നു. റോഷന്റെ മൊബൈല്‍ സ്വിച്ഡ് ഓഫ് ചെയ്തിരുന്നതും തിരിച്ചടിയായി.

ബംഗളൂരു പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിരുന്നു . പ്രതിക്ക് തൃശൂര്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഷന്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെല്ലാം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

മുഹമ്മദ് റോഷനെതിരെ പൊലീസ് കഴിഞ്ഞ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here