ഗള്‍ഫ് വിമാന യാത്രാനിരക്ക് വര്‍ധന: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

pinarayi vijayan returned to kerala after treatment

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിപ്പിക്കുന്നതിന് ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിൽ വിദ്യാലയങ്ങൾക്ക്
വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതല്‍ 400 ശതമാനം വരെ എയര്‍ലൈന്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നിടത്തുനിന്നുമുള്ള നിരക്കുകള്‍ ഈ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ബോയിംഗ് 737 മാക്സ് 8 വിഭാഗത്തില്‍പ്പെട്ട ഏതാനും വിമാനങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതൊന്നും ചാര്‍ജ് വര്‍ധനവിന് ന്യായീകരണമാകുന്നില്ല. യാത്രാക്കൂലി വര്‍ധിപ്പിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ര്‍ ജനറല്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യാത്രക്കാര്‍ കൂടുതലുള്ള ഇപ്പോഴത്തെ സാഹചര്യം മുതലാക്കാന്‍ വിമാനകമ്പനികള്‍ തയ്യാറായിരിക്കുകയാണ്.

ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്ന ഭൂരിഭാഗം കേരളീയരും ചുരുങ്ങിയ വേതനം ലഭിക്കുന്നവരാണ്. അവരെ സംബന്ധിച്ച് ഇപ്പോഴത്തെ നിരക്ക് വര്‍ധന തങ്ങാനാവില്ല. വിമാനകമ്പനികള്‍ യോജിച്ച് നിരക്ക് കൂട്ടിയിരിക്കുകയാണെന്ന ആശങ്കയും യാത്രക്കാരിലുണ്ട്. ഈ സാഹചര്യം വിലയിരുത്തി അടിയന്തിരമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top