Advertisement

ശബരിമല യുവതീ പ്രവേശനത്തിന് കേസ് നല്‍കിയ അഭിഭാഷകയുടെ ബിജെപി ബന്ധം തുറന്നുകാട്ടി കടകംപള്ളി സുരേന്ദ്രന്‍

March 28, 2019
Google News 1 minute Read

ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഡല്‍ഹിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീംകോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് താന്‍ പ്രസംഗിച്ചതിന് തനിക്കെതിരെ ഒരു സുപ്രീ കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണെന്നും കടകംപള്ളി പറയുന്നു.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീ പ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ തങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകളെന്നും കടകംപള്ളി വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അല്‍ക്കശര്‍മ, സുധപാല്‍ എന്നിവരാണ് 12 വര്‍ഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര, ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.

ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബ!ഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരന്‍ പിള്ളയും അടക്കമുള്ളവര്‍ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതല്‍ തെരുവോരങ്ങളില്‍ വരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങള്‍ മാപ്പ് പറയണം.

‘കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ….’

കടകംപളളി സുരേന്ദ്രന്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here