കനത്ത ചൂട്; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ റോഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന ട്രാഫിക് പോലീസുകാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ജില്ലാ പോലീസ് മേധാവിമാരാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. കണ്ണൂർ,എറണാകുളം ജില്ലകളിൽ ഇന്ന് ഡ്യൂട്ടിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് സൂര്യാഘാതം മൂലം പൊള്ളലേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന് ജാഗ്രതാ നിർദേശം ലഭിച്ചിരിക്കുന്നത്.
പകൽ 11 മണി മുതൽ 3 മണി വരെ സ്‌റ്റേഷന് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും സൂര്യാഘാതം എൽക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിർദേശം. കണ്ണൂർ ജില്ലയിൽ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന സിപിഒ യ്ക്കാണ് ഇന്ന് ഉച്ചയ്ക്ക് കടുത്ത ചൂടിനെ തുടർന്ന് പൊള്ളലേറ്റത്. കൊച്ചിയിൽ തോപ്പുംപടി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റ് തളർന്നു വീണ സിവിൽ പോലീസ് ഓഫീസർ ഭരതനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.