ഐപിഎൽ; സൂപ്പർ ഓവറിൽ ഡൽഹിയ്ക്ക് ജയം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം. മത്സരം സമനിലയിലായതിനെ തുടർന്ന് സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 10 റൺസ് നേടി. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ ഡൽഹി 7 റൺസിന് ചുരുട്ടിക്കെട്ടുകയായിരുന്നു. നേരത്തെ 186 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് അവസാന പന്തിൽ സമനില പിടിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.

അവസാന പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ഒരു റൺ നേടാനേ സാധിച്ചുള്ളു. ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരമാണിത്. ഓപ്പണർ പൃഥ്വി
ഷായുടെ(99)തകർപ്പൻ ബാറ്റിങ്ങാണ് ഡൽഹിയുടെ വിജയത്തിൽ നെടുംതൂണായത്. 55 പന്തിൽ നിന്നുമാണ് പൃഥ്വി 99 റൺസ് അടിച്ചു കൂട്ടിയത്. ശ്രേയസ് അയ്യർ 43 റൺസെടുത്തു. കൊൽക്കത്തയ്ക്കു വേണ്ടി കുൽദീപ് യാദവ് 2 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊൽക്കത്തയുടെ മുൻനിരക്കാർക്ക് കാര്യമായി തിളങ്ങാനായില്ലെങ്കിലും മൂന്നാം വിക്കറ്റിലെ ദിനേശ് കാർത്തിക്-റസ്സൽ കൂട്ടുകെട്ടാണ് കൊൽക്കത്തയ്ക്ക് തുണയായത്. റസ്സൽ 28 പന്തിൽ നിന്നും 62 റൺസും കാർത്തിക് 36 പന്തിൽ നിന്നും 50 റൺസുമെടുത്തു. ഡൽഹി ക്യാപിറ്റൽസിനു വേണ്ടി ഹർഷാൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top