തെരഞ്ഞെടുപ്പ് നിരീക്ഷകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബ; ദൃശ്യങ്ങള്‍ പുറത്ത്

തെരഞ്ഞെടുപ്പ് നിരീക്ഷകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബ. അനുവദിച്ചതിലധികം അകമ്പടി വാഹനങ്ങള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് റിട്ടേണിംഗ് ഓഫിസര്‍ കൂടിയായ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റ് കെ കെ ഉപാധ്യ വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് അശ്വനി കുമാര്‍ അപമര്യാദയായി പെരുമാറിയത്. ബിഹാറിലാണ് സംഭവം.

രാത്രി വൈകി പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉപാധ്യ വാഹനം തടഞ്ഞ് ഇത് അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ക്ഷുഭിതനായ കേന്ദ്രമന്ത്രി ഉപാധ്യക്ക് നേരെ കടുത്ത അസഭ്യവര്‍ഷമാണ് നടത്തിയത്. ‘എന്താണിത്, ആരാണ് ഉത്തരവിട്ടത്, ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ പിടിച്ച് ജയിലിലിട്, എന്റെ വണ്ടി പിടിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് ആകില്ല’ തുടങ്ങിയ കാര്യങ്ങലാണ് അശ്വിനി കുമാര്‍ പറഞ്ഞത്. അപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് പിന്തുണയും നല്‍കി.

വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് ചൗബക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കെ കെ ഉപാധ്യ പറഞ്ഞു. അതിനിടെ, തെരെഞ്ഞെടുപ്പ് നിരീക്ഷകരോട് അപമര്യാദയായി പെരുമാറിയില്ലെന്ന വാദവുമായി അശ്വിനി കുമാര്‍ രംഗത്തെത്തി. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാദം പൊളിച്ച് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top