പുസ്തക രൂപത്തിൽ ഒരു വിവാഹ ക്ഷണക്കത്ത്; അംബാനിയുടേതെന്ന് കരുതിയെങ്കിൽ തെറ്റി, ഇത് തൃശൂർ സ്വദേശി അബ്ദുല്ലയുടെ വിവാഹ ക്ഷണക്കത്ത്

പുതുമകൾ ഏറെ പരീക്ഷക്കപ്പെട്ടുന്ന ഒന്നായി മാറിയിരിക്കുകയാണ് വിവാഹ ചടങ്ങുകൾ. വരന്റെയോ വധുവിന്റെയോ എൻട്രി മുതൽ വിവാഹ ക്ഷണക്കത്തിൽ വരെ വ്യത്യസ്തതകൾ കൊണ്ടുവരാൻ ഓരോരുത്തരും ശ്രമിക്കാറുണ്ട്. അടുത്തിടെ ‘പെട്ടി’രൂപത്തിൽ വന്ന അംബാനി കുടുംബത്തിന്റെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തൃശൂർ സ്വദേശി അഷ്‌റഫും അത്തരത്തിൽ ഒരു വ്യത്യസ്തത പരീക്ഷിച്ച് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. തന്റെ മകൻ അബ്ദുല്ലയുടെ വിവാഹ ക്ഷണക്കത്ത് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന പുസ്തകത്തിന്റെ പുറംചട്ടയായി അടിച്ചിരിക്കുകയാണ് അദ്ദേഹം.

ആദ്യം ഒരു ‘താങ്ക്യു ഗിഫ്റ്റ്’ ആയി പുസ്തകം നൽകാമെന്നാണ് അഷ്‌റഫ് ചിന്തിച്ചത്. എന്നാൽ അതിന്റെ പ്രായോഗിക വശം ചിന്തിച്ചപ്പോൾ ഈ ആശയം നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. അങ്ങനെയാണ് വിവാഹ ക്ഷണക്കത്തായി പുസ്തകം നൽകാമെന്ന ചിന്തയിലേക്ക് ഇവർ എത്തുന്നത് , അഷ്‌റഫ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : പെട്ടിക്കുള്ളില്‍ കൗതുകം നിറച്ച് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്ത്

എല്ലാ പ്രായക്കാർക്കും വായിക്കാൻ പറ്റുന്ന ഒരു രചയിതാവാണ് ബഷീർ. അതുകൊണ്ടാണ് ബഷീറിന്റെ കഥ തന്നെ ഇതിനായി തെരഞ്ഞെടുക്കാൻ കാരണം. ആദ്യം പാത്തുമ്മയുടെ ആട് എന്ന പുസ്തകമാണ് വിവാഹക്ഷണക്കത്ത് അടിക്കാനായി തെരഞ്ഞെടുത്തത്. എന്നാൽ അഷ്‌റഫിന്റെ സുഹൃത്തും പ്രശസ്ത കവിയുമായ റഫീഖ് അഹമ്മദാണ് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന പുസ്തകം നിർദ്ദേശിക്കുന്നത്. പാത്തുമ്മയുടെ ആട് സ്‌കൂൾ സിലബസിലെ പുസ്തകമാണ്. അതുകൊണ്ട് തന്നെ അതെല്ലാ വീടുകളിൽ ഉണ്ടാകും. അങ്ങനെയാണ് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന പുസ്തകം തന്നെ തെരഞ്ഞെടുത്തത്.

ഇത്തരത്തിൽ ഒരു ക്ഷണക്കത്ത് ആദ്യം കണ്ടപ്പോൾ പലരിലും അമ്പരപ്പായിരുന്നു. പുസ്തകം തിരിച്ചും മറിച്ചുമെല്ലാം നോക്കിയിട്ട് ക്ഷണക്കത്തെവിടെയെന്ന് ചോദിക്കും. പുസ്തകത്തിന്റെ പുറംചട്ട ശ്രദ്ധിക്കുമ്പൊഴേ അതൊരു വിവാഹ ക്ഷണക്കത്ത് കൂടിയാണെന്ന് മനസ്സിലാവുകയുള്ളു. എല്ലാവരും ഏറെ സന്തോഷത്തോടെയാണ് പുസ്തകം സ്വീകരിച്ചത്.

ഡിസി ബുക്ക്‌സിൽ നിന്നും പുസ്തകങ്ങൾ ഒരുമിച്ച് വാങ്ങുകയായിരുന്നു. പിന്നീട് പോരുമ്പിലാവിൽ ഡിസി ബുക്ക്‌സിന് വേണ്ടി കവർ ഡിസൈൻ ചെയ്യുന്ന അക്ബർ പെരുമ്പിലാവുമായി സംസാരിച്ച് വിവാഹ ക്ഷണക്കത്ത് പുസ്തകങ്ങളുടെ പുറംചട്ടയായി അച്ചടിക്കുകയായിരുന്നു. ഇത്തരം വ്യത്യസ്ത ആശയം കേട്ട് ഡിസി അധികൃതർക്കും സന്തോഷമായിരുന്നുവെന്ന് അഷ്‌റഫ് പറയുന്നു.

Read Also : ‘കീപ് കാം ആന്റ് ട്രസ്റ്റ് നമോ’;റാഫേൽ കരാറിന് പിന്നിലെ ‘വസ്തുതകൾ’ വിശദീകരിച്ച് ഒരു വിവാഹ ക്ഷണക്കത്ത്

വായനയോടും എഴുത്തിനോടുമെല്ലാം ഏറെ പ്രിയമുള്ള അഷ്‌റഫ് രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ഡിസി ബുക്ക്‌സ് പുറത്തിറക്കിയ ഗ്രൗണ്ട് സീറോ, ഗ്രീൻ ബുക്ക്‌സ്  പുറത്തിറക്കിയ മണൽഘടികാരം എന്നിവയുടെ രചയിതാവാണ് അഷ്‌റഫ്. ചെറുകഥകളുടെ ഒരു സമാഹാരമാണ് ഗ്രൗണ്ട് സീറോ. ഉപന്യാസങ്ങളാണ് മണൽഘടികാരം. ദേശാഭിമാനിയുടെ വാരികയിൽ കോളമായി കുറിപ്പുകൾ എഴുതിയിരുന്നു. ഇതാണ് പിന്നീട് മണൽഘടികാരം എന്ന പുസ്തകമായി ഇറക്കിയത്.

മുപ്പതിലേറെ വർഷങ്ങളായി അബുദാബിയിലെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു അഷ്‌റഫ്. കഴിഞ്ഞ വർഷമാണ് വോളന്റിയറി റിട്ടയർമെന്റെടുത്ത് അഷ്‌റഫ് നാട്ടിലേക്ക് മടങ്ങുന്നത്. അഷ്‌റഫിന്റെ മകൻ അബ്ദുല്ലയും (വരൻ) അബുദാബിയിൽ ബാങ്ക് ജീവനക്കാരനാണ്. വധു ആബിദ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.

സാധാരണ വിവാഹ ക്ഷണക്കത്തുകൾ ആർക്കും ഉപയോഗമില്ലാതെ വിവാഹ തിയതി കഴിഞ്ഞയുടൻ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ അഷ്‌റഫിന്റെ മകൻ
അബ്ദുല്ലയുടെ വിവാഹ ക്ഷണക്കത്ത് പുസ്തകപുറംചട്ടയായി അച്ചടിച്ചതുകൊണ്ട് തന്നെ ഉപകാരപ്രദമാണ്. വായന ശീലമില്ലാത്തവരെ ഒരുപക്ഷേ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുകയറ്റാൻ ഇതിലൂടെ സാധിക്കും. പുസ്തകപ്രേമികളെ സംബന്ദിച്ച് തങ്ങളുടെ പുസ്തക ശേഖരത്തിലേക്ക് ഒരു മുതൽക്കൂട്ടാണ് ഈ ‘ക്ഷണക്കത്ത്’.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More