‘രമ്യ സഹോദരിയെപ്പോലെ, വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല’: വിവാദ പരാമര്‍ശത്തില്‍ എ വിജയരാഘവന്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. രമ്യ ഹരിദാസിനേയോ പി കെ കുഞ്ഞാലിക്കുട്ടിയെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വ്യക്തിഹത്യ പാര്‍ട്ടിയുടെ ശൈലിയല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Read more: രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

രമ്യയെ കാണുന്നത് സഹോദരിയെപ്പോലെ. അവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകള്‍ മുന്നോട്ടുവരണമെന്നാണ് ആഗ്രഹം. രാഷ്ട്രീയപരമായ പ്രസ്താവനയായിരുന്നു താന്‍ നടത്തിയത്. ലീഗിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഖേദപ്രകടനത്തിന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ വിഷയം വളച്ചൊടിച്ചുവെന്നും വിജയരാഘവന്‍ നിലപാട് വ്യക്തമാക്കി.

പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ എല്‍ഡിഎഫ് പ്രതിരോധത്തിലായി. വിജയരാഘവന്റെ പരാമര്‍ശത്തില്‍ സിപിഐഎം, സിപിഐ നേതൃത്വങ്ങള്‍ അതൃപ്തി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top