ഭൂമികച്ചവടത്തില്‍ ആദായനികുതി വകുപ്പ് പിഴ ചുമത്തിയതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത അപ്പീല്‍ നല്‍കും

ഭൂമികച്ചവടത്തില്‍ ആദായനികുതി വകുപ്പ് പിഴ ചുമത്തിയതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ അതിരൂപത നിയമോപദേശം തേടി.  ഭൂമിയുടെ വിപണി മൂലം കുറച്ചു കാണിച്ചതിലും അധിക വിലയ്ക്ക് മറിച്ച് വിറ്റതിലും അതിരൂപതയ്ക്ക് പങ്കില്ലെന്നാണ് വിശദീകരണം.

എറണാകുളം അങ്കമാലി അതിരൂപത നടത്തിയ വിവാദ ഭൂമി കച്ചവടത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് 3 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആദ്യഘട്ടമായി 50 ലക്ഷം അതിരൂപത പിഴ അടയ്ക്കുകയും ചെയ്തു. ആദ്യ വില്‍പനക്കരാറിന് പുറത്ത് ഭൂമി മറിച്ച് വിറ്റതിന്റെ അധിക ലാഭം അതിരൂപത കൈപ്പറ്റിയിട്ടില്ലെന്നാണ് വാദം. വിപണി മൂല്യം കുറച്ചു കാണിച്ചത് ഇടനിലക്കാരാണെന്ന വാദവും അതിരൂപത ഉന്നയിക്കുന്നു.

Read Also : നികുതി വെട്ടിപ്പ്; എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ

ഇത് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാനാണ് അതിരൂപതയ്ക്ക് ലഭിച്ച നിയമോപദേശം. അതിരൂപതയുടെ 3 ഏക്കര്‍ സ്ഥലം 36 ആധാരങ്ങളിലായാണ് വില്‍പന നടത്തിയത്. ഇതില്‍ തൃക്കാക്കരയിലെ 60 സെന്റ് ഭൂമി വില്‍പന നടത്തിയതില്‍  വന്‍ നികുതി വെട്ടിപ്പ് നടന്നുവെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. സെന്റിന് 9 ലക്ഷത്തി അയ്യായിരം രൂപയ്ക്ക് വില്‍പന നടത്താനാണ് കരാറുണ്ടാക്കിയതെന്നായിരുന്നു അതിരൂപതയുടെ വാദം എന്നാല്‍ സെന്റിന് 16 ലക്ഷം രൂപ നിശ്ചയിച്ചുള്ള മറ്റൊരു വില്‍പനക്കരാര്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അതിരൂപതയുടെ അന്നത്തെ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേലുമായി ഉണ്ടാക്കിയ കരാറാണ് കണ്ടെത്തിയത്. ഇതിന് പുറമെ വില്‍പനക്കാരാരിലെ വിലയുടെ മുന്നും നാലും ഇരട്ടി തുകയ്ക്ക് ഭൂമി മറിച്ചുവിറ്റതായും കണ്ടെത്തി.

എന്നാല്‍ വ്യക്തികള്‍ ഇത്തരത്തില്‍ ഭൂമി മറിച്ചുവിറ്റിട്ടുണ്ടെങ്കില്‍ അതിരൂപത ഉത്തരവാദിയല്ലെന്ന വാദമുന്നയിക്കാനാണ് ശ്രമം. അതേസമയം ഭൂമി കച്ചവട വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാന് വൈകാതെ കൈമാറും.  ഇതിനിടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചരിക്കെതിരായി  വ്യാജ രേഖ നിര്‍മ്മിച്ച  കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാടും  ഹൈക്കോടതിയെ സമീപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top