Advertisement

നികുതി വെട്ടിപ്പ്; എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ

April 1, 2019
Google News 1 minute Read

ഭൂമി വിൽപ്പനയിൽ നികുതി വെട്ടിപ്പ് നടത്തിയതിന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് മൂന്ന് കോടി രൂപ പിഴ ചുമത്തി. ഇതിൽ 51 ലക്ഷം രൂപ അതിരൂപത ആദ്യഘട്ടമായി ആദായനികുതി വകുപ്പിൽ പിഴ അടച്ചു. 10 കോടി രൂപ ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴയടക്കണം. എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ വിവാദ ഭൂമി കച്ചവടത്തിൽ നികുതി വെട്ടിച്ചുവെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ അതിരൂപതയ്ക്കും ഇടനിലക്കാർക്കും പിഴ ചുമത്തിയത്. ക്രമക്കേടിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

Read Also; എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട്; കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

എറണാകുളം നഗരത്തിൽ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്ന 3 ഏക്കർ ഭൂമി സെന്റിന്‌ ഒമ്പത് ലക്ഷത്തി അയ്യായിരം രൂപ എന്ന നിരക്കിൽ 27 കോടി രൂപയ്ക്ക് വിൽക്കാനാണ് അതിരൂപത തീരുമാനിച്ചത്. 36 പ്ലോട്ടുകളായി മുറിച്ചാണ് ഭൂമി വിറ്റത്. എന്നാൽ 13.5 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ രേഖപ്പെടുത്തിയത്. അതിരൂപതയ്ക്ക് രേഖകളിൽ ലഭിച്ചതാകട്ടെ 9 കോടി രൂപയും.

എന്നാൽ ഈ ഭൂമി നാലും അഞ്ചും ഇരട്ടി തുകയ്ക്ക് ഇടനിലക്കാർ മറിച്ചുവിറ്റതായും കണ്ടെത്തിയിരുന്നു. ഇതോടെ ഭൂമി കച്ചവടത്തിൽ കള്ളപ്പണ ഇടപാട് നടന്നതായും ആരോപണമുയർന്നു. സാജു വർഗീസ് കുന്നേലാണ് അതിരൂപതയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചത്. വി കെ ഗ്രൂപ്പാണ് ഭൂമി മറിച്ചുവിറ്റത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താൻ ഉണ്ടാക്കിയ രേഖ കണ്ടെടുത്തു.

Read Also; എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദം പരിഹാരത്തിലേക്ക് : കർദിനാൾ ജോർജ് ആലഞ്ചേരി

ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഇടനിലക്കാരൻ സാജു വർഗീസുമായി ഉണ്ടാക്കിയ കരാറാണ് കണ്ടെടുത്തത്. വിപണി വിലയിലും വിൽപനക്കരാറിലുമുള്ള വൈരുദ്ധ്യം ഇതോടെ വ്യക്തമായി. പിന്നാലെയാണ് 3 കോടി പിഴ ചുമത്തിയത്. ഇടനിലക്കാരായ സാജുവർഗീസും വികെ ഗ്രൂപ്പും 10 കോടി രൂപ പിഴയടയ്ക്കണമെന്ന് കാട്ടി ആദായ നികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here