നരേന്ദ്രമോദിയുടെ റാലിക്ക് കൊണ്ടുപോയ 180 ലക്ഷം പിടികൂടിയെന്ന് കോണ്‍ഗ്രസ്

ബിജെപിക്കെതിരെ, വോട്ടിന് നോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹന വ്യൂഹത്തില്‍ നിന്ന് 180 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തതായി കോണ്‍ഗ്രസ് ആരോപിച്ചു.
അരുണാചലിലെ പാസിഘട്ടില്‍ ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനുള്ള പണമാണിതെന്നും, മുഖ്യമന്ത്രിയുള്‍പ്പെടേയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
ഇന്നലെ രാത്രിയാണ് അരുണാചലിലെ പാസിഘട്ടില്‍ ബിജെപി നേതാക്കളുടേതെന്നാരോപിക്കപ്പെടുന്ന വാഹനങ്ങളില്‍ നിന്ന് ഒരു കോടി എണ്‍പത് ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. ഇതില്‍ ഒരു വാഹനം മുഖ്യമന്ത്രി പേമഖണ്ഡുവിന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും കമ്മീഷന്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. പണം പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു.
പാസിഘട്ടില്‍ ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടിയുള്ള പണമാണിതെന്നും, ആളുകളെ പണം കൊടുത്ത് റാലിക്ക് എത്തിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തണം. അരുണാചല്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്നും, പാസിഘട്ടിലെ സ്ഥാനാര്‍ത്ഥിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ താപിര്‍ ഗാവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here