ശബരിമല പ്രക്ഷോഭം; ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനെതിരെയും കൂടുതൽ കേസുകൾ

a n radhakrishnan

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ എ.എൻ രാധാകൃഷ്ണനെതിരെ കൂടുതൽ കേസുകൾ . 126 കേസുകളാണ് എ.എൻ രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പുതിയ കേസുകളുടെ കൂടി വിവരങ്ങൾ കാണിച്ച് എ.എൻ രാധാകൃഷ്ണൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടി വരും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെയും കൂടുതൽ കേസുകളുള്ളതായി സർക്കാർ  നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. ഇതേ തുടർന്ന് സുരേന്ദ്രനും പുതിയ നാമനിർദ്ദേശ പത്രിക നൽകാനൊരുങ്ങുകയാണ്.

Read Also; 20 കേസുകളെന്ന് പത്രികയില്‍, 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പുതുക്കി നല്‍കും

തന്റെ പേരിൽ ഇരുപത് കേസുകളുണ്ടെന്നാണ്  സുരേന്ദ്രൻ നേരത്തെ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ പറഞ്ഞിരുന്നത്.  എന്നാൽ കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രനെതിരെ 243കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ ഇക്കാര്യം ഉയർന്നു വന്നാൽ പത്രിക തള്ളാൻ സാധ്യതയുള്ളതിനാലാണ് സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ശബരിമല കർമസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ അക്രമങ്ങളുടെ പേരിൽ പാറശാല മുതൽ കാസർഗോഡ് വരെ വിവിധ സ്‌റ്റേഷനുകളിലായാണ് സുരേന്ദ്രനെതിരെ 243 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയേറെ കേസുകളുള്ളതായി സുരേന്ദ്രന് നോട്ടീസ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് നാമനിർദേശപത്രികയിൽ 20 കേസുകളുടെ മാത്രം വിവരം സുരേന്ദ്രൻ നൽകിയത്.

അതേ സമയം തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ കൂടുതൽ കേസുകൾ വരുന്നതിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം. ഇക്കാര്യം പ്രചാരണ വിഷയമായി ഉയർത്താനും ബിജെപി പദ്ധതിയിടുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More