പ്രളയമുണ്ടായത് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാം മാനേജ്‌മെന്റിലെ പിഴവ് എന്ന് ചൂണ്ടിക്കാട്ടിയുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് മാധ്യമ പ്രചരണയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതിനു മുന്‍പ് വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ചിലര്‍ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തിന്മേല്‍ വീണ്ടും വിശദീകരണം നല്‍കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.
അമിക്കസ് ക്യൂറി എന്നത് റെപ്പറ്റീഷനു മേല്‍ കോടതിക്ക് നേരിട്ടു ചെന്ന് അന്വേഷിക്കാനാവാത്ത വിവരങ്ങള്‍ സമാഹരിക്കാനുള്ള ഒരു സംവിധാനം മാത്രമാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കൊള്ളാനും തള്ളാനും ഉള്ള അവകാശം കോടതിയില്‍ നിക്ഷിപ്തമാണ്. ഇത് കോടതിയുടെ നിരീക്ഷണമോ നിഗമനമോ ഒരു കമന്റു പോലുമല്ല.
അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍ നിന്നും വിവരം ആരാഞ്ഞശേഷമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന ആരോപണം ഇപ്പോള്‍ തന്നെ സര്‍ക്കാറിനു നേരെ ഉയര്‍ന്നു വന്നിട്ടുണ്ട്. അങ്ങേയറ്റത്തെ ശാസ്ത്രീയ സാങ്കതിക ജ്ഞാനം ആവശ്യമുള്ള വിഷയമാണിത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജല കമ്മീഷന്‍, മദ്രാസ് ഐഐടി ഇതുപോലുള്ള സംവിധാനങ്ങള്‍ മഴയുടെ അമിതമായ വര്‍ദ്ധനവാണ് വെള്ളപ്പൊക്കത്തിന് കാരണമായിട്ടുള്ളതെന്ന കാര്യത്തില്‍ ശാസ്ത്രീയമായിത്തന്നെ നിഗമനത്തില്‍ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹമാകെയും പൊതുവിലും വിദഗ്ദ സമിതികള്‍ പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം അഭിനന്ദിച്ചിട്ടുണ്ട്. ഇത് ലോകത്തിലാകെ അറിയാവുന്നതുമാണ്, ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ്ടാണ് കോടതിയെ സഹായിക്കാന്‍ തയ്യാറക്കിയ അഭിഭാഷക റിപ്പോര്‍ട്ട് സത്യമെന്ന് പ്രചരിപ്പിക്കുന്നത്. ഇത് ബഹുമാനപ്പെട്ട കോടതിയെ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
ഇക്കാര്യത്തില്‍ അന്തിമ വിധി നടത്തേണ്ടതും തീരുമാനിക്കേണ്ടതും അമിക്കസ് ക്യൂറിയല്ല, കോടതിയാണെന്ന യാഥാര്‍ഥ്യത്തെയാണ് ഇവര്‍ മറച്ചുവെയ്ക്കുന്നത്. യഥാര്‍ഥ്യത്തില്‍ മെയ് പതിനാറു മുതല്‍ കേരളത്തിലെ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ജില്ലാ സംസ്ഥാന തലത്തിലും പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മാത്രമല്ല, ഓരോ ദിവസവും സംസ്ഥാന തലത്തില്‍ മോണിറ്ററിങ് സംവിധാനവും ആരംഭിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പൊള്ളത്തരങ്ങള്‍ വസ്തുതകള്‍ നിരത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ വിമര്‍ശനമായി ഉന്നയിച്ചതിലെ ഒരു കാര്യം സര്‍ക്കാര്‍ പ്രളയതോത് നിയന്ത്രിക്കുന്നതില്‍ ഡാമുകള്‍ നല്ല രീതിയില്‍ ഉപയോഗിച്ചില്ല എന്നതാണ്. എന്നാല്‍ മഴക്കാലത്ത് ഡാമിലേക്ക് ആവശ്യമായ വെള്ളം സംഭരിച്ചതിന് ശേഷം ബാക്കിയുള്ളതാണ് ഒഴുക്കി വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഡാം മാനേജ്‌നെന്റില്‍ സര്‍ക്കാറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here