Advertisement

ചെന്നൈയെ മുട്ടുകുത്തിച്ച് മുംബൈ; 37 റൺസ് ജയം

April 4, 2019
Google News 4 minutes Read

ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് ജയങ്ങളുമായി കുതിച്ച ചെന്നൈ സൂപ്പർ കിങ്‌സിനെ മുംബൈ ഇന്ത്യൻസ് മുട്ടുകുത്തിച്ചു. 37 റൺസിനാണ് ചെന്നൈ ഈ സീസണിലെ ആദ്യ തോൽവി വഴങ്ങിയത്. മുംബൈ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

സ്‌കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ അമ്പാട്ടി റായുഡുവിലൂടെ(0) ആദ്യ വിക്കറ്റ് നഷ്ടമായ ചെന്നൈയ്ക്ക് രണ്ടാം ഓവറിൽ ഷെയ്ൻ വാട്‌സണെയും (5) നഷ്ടമായി. തുടർന്ന് ഒരറ്റത്ത് കേദാർ ജാദവ് (58) അർധസെഞ്ച്വറിയുമായി പിടിച്ചു നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ചെന്നൈ പരാജയം സമ്മതിക്കുകയായിരുന്നു. അഞ്ച് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി 12 റൺസെടുത്ത് പുറത്തായി. ലസിത് മലിങ്കയുടെയും ഹർദിക് പാണ്ഡ്യയുടെയും ബൗളിങ് മികവാണ് ചെന്നൈയെ വീഴ്ത്തിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. തുടക്കത്തിലേ തന്നെ ഓപ്പണർ ക്വിന്റൺ ഡികോക്കിനെ(4) നഷ്ടമായ മുംബൈയ്ക്ക് ഏഴാം ഓവറിൽ രോഹിത് ശർമ്മയെയും (13) നഷ്ടമായി. തുടർന്ന് മന്ദഗതിയിലായ മുംബൈയുടെ സ്‌കോറിങിന് സൂര്യകുമാർ യാദവും പാണ്ഡ്യയും ചേർന്നാണ് വേഗത കൂട്ടിയത്. 59 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറർ. ക്രുനാൽ പാണ്ഡ്യ 32 പന്തിൽ നിന്നും 42 റൺസ് നേടി. പൊള്ളാർഡ് 17 റൺസും ഹർദിക് പാണ്ഡ്യ 25 റൺസുമായി പുറത്താകാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here