‘മാണ്ഡ്യയിൽ മകനെതിരെ ചക്രവ്യൂഹമൊരുങ്ങുന്നു’ ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കുമാരസ്വാമി

കർണാടകത്തിലെ മാണ്ഡ്യ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ തന്റെ മകനെ തോൽപ്പിക്കാൻ സഖ്യകക്ഷിയായ കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ മകൻ നിഖിൽ ഗൗഡയെ തോൽപ്പിക്കാനായി ചക്രവൂഹം ഒരുങ്ങുന്നതായും അതിൽ കോൺഗ്രസും പങ്കുചേരുന്നതായും കുമാരസ്വാമി ആരോപിച്ചു. മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് രഹസ്യ ധാരണയായതായും എല്ലാവരും കൂടി ജെഡിഎസിനെ ചവിട്ടിമെതിക്കാനാണ് ശ്രമിക്കുന്നതെന്നും കുമാരസ്വാമി ആഞ്ഞടിച്ചു.
മാണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് ബിജെപിയും ഫാർമേഴ്‌സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ കൂടിയായ സുമലതയെ കോൺഗ്രസ് പ്രാദേശിക നേതൃത്വവും സഹായിച്ചേക്കുമെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പം നിൽക്കുമെന്ന് സുമലത കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ മാണ്ഡ്യയിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കു പോലും കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നുമാണ് ജെഡിഎസ് നേതാവ് ദേവഗൗഡ പ്രതികരിച്ചത്. മാണ്ഡ്യയിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് സുമലത നേരത്തെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് ഈ സീറ്റ് സഖ്യകക്ഷിയായ ജെഡിഎസിന് നൽകുകയായിരുന്നു.
തുടർന്നാണ് ഇവിടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ സുമലത തീരുമാനിച്ചത്. മാണ്ഡ്യയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ ബിജെപി സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.കർണാടകയിൽ ഭരണകക്ഷികളായ കോൺഗ്രസും ജെഡിഎസും തമ്മിൽ ഏറെ നാളായി അഭിപ്രായ ഭിന്നതകൾ രൂക്ഷമാണ്. അതിനിടെയാണ് മാണ്ഡ്യയിലെ തെരഞ്ഞെടുപ്പിനെ ചൊല്ലി വീണ്ടും തർക്കങ്ങളുയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here