കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തിളങ്ങി; കൊൽക്കത്തയ്ക്ക് 206 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 206 റൺസ് വിജയലക്ഷ്യം.  റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസ് അടിച്ചുകൂട്ടിയത്.49 പന്തിൽ നിന്നും 84 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും 32 പന്തിൽ നിന്നും 63 റൺസെടുത്ത എബി ഡിവില്ലിയേഴ്‌സിന്റെയും പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച ടോട്ടലിലെത്തിച്ചത്.

2 സിക്‌സും 9 ബൗണ്ടറിയും ഉൾപ്പെടെയാണ് കോഹ്‌ലി 84 റൺസ് അടിച്ചുകൂട്ടിയത്. പാർത്ഥിവ് പട്ടേലിനെ (25) നഷ്ടമായ ശേഷം കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേർന്ന് പടുത്തുയർത്തിയത് 108 റൺസിന്റെ കൂട്ടുകെട്ടാണ്.  18ാം ഓവറിലെ ആദ്യ പന്തിൽ കുൽദീപ് യാദവ് കോഹ്‌ലിയെ സ്വന്തം പന്തിൽ പിടികൂടി പുറത്താക്കുകയായിരുന്നു.

ഈ ഐപിഎല്ലിലെ ആദ്യ അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ കോഹ്‌ലിയാണ്‌ ആർസിബി ഇന്നിംഗ്സിന് ചുക്കാൻ പിടിച്ചത്. ആദ്യ പവർ പ്ലേയിൽ 53 റൺസ് കൂട്ടിച്ചേർത്ത ഇവർ 64 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. എട്ടാം ഓവറിൽ നിതീഷ് റാണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 24 പന്തുകളിൽ നിന്നും 25 റൺസ് പാർത്ഥിവ് സ്കോർ ചെയ്തിരുന്നു. തുടർന്ന് ക്രീസിലെത്തിയ എബി ഡിവില്ലിയേഴ്‌സ്‌ വിരാട് കോഹ്ലിയെക്കാൾ അപകടകാരിയായിരുന്നു.

പിയുഷ് ചൗളയെ ബൗണ്ടറിയടിച്ച് സ്കോറിംഗ് തുടങ്ങിയ  ഡിവില്ലിയേഴ്‌സ്‌ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി സ്കോറിംഗ് വേഗത്തിലാക്കി. 28 പന്തുകളിൽ അർദ്ധസെഞ്ചുറി നേടിയ എബിയുടെയും കോഹ്ലിയുടെയും മികവിൽ 16 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് സ്കോർ ചെയ്തിരുന്നു.

വെറും 53 പന്തുകളിൽ സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ട എബി-വിരാട് സഖ്യം 18ആം ഓവറിലാണ് വേർപിരിയുന്നത്. കുൽദീപ് യാദവിന് റിട്ടേൺ ക്യാച്ച് നൽകി പവലിയനിലേക്ക് മടങ്ങിയ കോഹ്ലി 49 പന്തുകളിൽ ഒൻപത് ബൗണ്ടറിയും 2 സിക്സറുകളും സഹിതം 84 റൺസെടുത്തിരുന്നു. ഡിവില്ല്യേഴ്സിനൊപ്പം 108 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് കോഹ്ലി പുറത്തായത്. 19ആം ഓവറിൽ നരെയ്നെ ലോങ്ങ് ഓണിൽ സിക്സറടിക്കാനുള്ള ശ്രമത്തിനിടെ ഡിവില്ല്യേഴ്സും പുറത്തായി. 32 പന്തുകളിൽ അഞ്ചു ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 63 റൺസായിരുന്നു എബിയുടെ സമ്പാദ്യം.

റൺസൊന്നുമെടുക്കാതെ മൊയീൻ അലിയും 13 പന്തുകളിൽ 28 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പുറത്താവാതെ നിന്നു. പ്രസിദ്ധ് കൃഷ്ണയുടെ അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 18 റൺസാണ് സ്റ്റോയിനിസ് നേടിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top