വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ മുരളി മനോഹർ ജോഷിയെ ഇറക്കാൻ ആലോചന

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ മുരളി മനോഹർ ജോഷിയെ ഇറക്കാൻ പ്രതിപക്ഷത്തിന്റെ ആലോചന. ഇക്കാര്യത്തിൽ ജോഷിയുമായി ഉന്നത കോൺഗ്രസ്സ് നേതാക്കൾ ചർച്ച നടത്തുന്നതായി റിപ്പോർട്ടുകൾ. ബിജെപി സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി ജോഷി നേരത്തെ പരസ്യമാക്കിയിരുന്നു. ജോഷിയുടെ സന്തത സഹചാരിയായ എൽകെ അദ്വാനിയും കഴിഞ്ഞ ദിവസം ബിജെപിയുടെ നിലവിലെ നേതൃത്വത്തിന് എതിരെ ഇന്നലെ രംഗത്ത് വന്നിരുന്നു.

Read Also : ‘ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

മോദി യുഗത്തിൽ ബിജെപിയിൽ അരിക് വൽകരിക്കപ്പെട്ട സ്ഥാപക നേതാക്കൾ ആണ് മുരളി മനോഹർ ജോഷിയും എൽ കെ അദ്വാനിയും. ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കൂടി നിഷേധിച്ചതോടെ പാർട്ടി നേതൃത്വവുമായുള്ള അകൽച്ച പൂർണ്ണമായി. ഇത് മുതലെടുക്കനുള്ള നീക്കമാണ് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ജോഷിയെ വിമത സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ ഉള്ള നീക്കം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി ജോഷിയുമായി ഉന്നത കോൺഗ്രസ്സ് നേതാക്കൾ ചർച്ച നടത്തുകയാണ് എന്നാണ് വിവരം.

Read Also : മുസ്ലീം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച വൈറസ്; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

വാരാണസിയിൽ മോദിക്കെതിരെ ജോഷിയെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാം എന്ന നിർദേശം കോൺഗ്രസ്സ് മുന്നോട്ട് വെച്ചതായാണ് വിവരം. എന്നാല് ഇതിനോട് ജോഷി അനുകൂലമായി പ്രതികരിച്ചിട്ടില്ല. 2009 മുതൽ 14 വരെ വാരാണസിയുടെ എംപി ആയിരുന്നു മുരളി മനോഹർ ജോഷി. എങ്കിലും വാരാണസിക്ക് പകരം മറ്റേതെങ്കിലും മണ്ഡലത്തിൽ പ്രതിപക്ഷ സ്ഥാനാർഥി ആയി മത്സരിക്കാൻ ആണ് നിലവിലെ താൽപര്യം. മത്സരിച്ചാലും ഇല്ലെങ്കിലും മോദിക്കെതിരെ ജോഷി പ്രചരണം നടത്തും എന്നാണ് വിവരം. മോദിയുടെ കോർപറേറ്റ് ബന്ധങ്ങൾ തുറന്ന് കാട്ടുന്ന വിവരങ്ങൾ ജോഷിയുടെ കയ്യിൽ ഉണ്ടെന്നും തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഇവ പുറത്ത് വിടുമെന്നും സൂചനകൾ ഉണ്ട്. വൻകിട കോർപ്പറേട്ടുകളുടെ വായപ വെട്ടിപ്പുകളെ കുറിച്ച് അന്വേഷണം നടത്തിയ പാർലമെന്റ് സമിതിയുടെ തലവൻ ആയിരുന്നു മുരളി മനോഹർ ജോഷി. കോടികളുടെ ബാങ്ക് വായ്പകൾ തിരിച്ച് അടക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനികളുടെ വിവരങ്ങൾ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ നൽകിയിട്ടും പ്രധാന മന്ത്രിയുടെ ഓഫീസ് നടപടി എടുത്തില്ലെന്ന് നേരത്തെ സമിതി കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top