കശ്മീർ പ്രചാരണത്തിൽ കളം മാറ്റി ബിജെപി; താമരയുൾപ്പെടെ നിറം പച്ച

കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളുടെ പരമ്പരാഗത നിറം കാവി ഉപേക്ഷിച്ച് ബിജെപി. കാവിക്ക് പകരം പച്ച നിറമാണ് കശ്മീരിലെ പ്രചാരണങ്ങൾക്കായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. പോസ്റ്ററുകളിലും നോട്ടീസുകളിലും പച്ചയുടെ അതിപ്രസരമാണ്. തങ്ങളുടെ ചിഹ്നമായ താമര പോലും പച്ചയിലാണുള്ളത്.

ശ്രീനഗറിൽ ഫാറൂഖ് അബ്ദുള്ളക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്‍റെ പച്ച പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ബിജെപിയുടെ ധൃതിയിലുള്ള പച്ച പ്രേമത്തെ കളിയാക്കി മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. “ബിജെപിയുടെ കാവി കശ്മീരിലെത്തിയപ്പോൾ പച്ചയായി മാറിയിട്ടുണ്ട്. ഇതു വഴി സ്വയം അപഹാസ്യനാവുകയല്ലാതെ മറ്റുള്ളവരെ പറ്റിക്കാമെന്നാണ് പാർട്ടി കരുതുന്നുണ്ടോ എന്ന് എനിക്ക് നിശ്ചയമില്ല. (കശ്മീർ) താഴ്ചരയിൽ പ്രചാരണം നടത്തുമ്പോൾ തങ്ങളുടെ ശരിയായ നിറം കാണിക്കാൻ ഇവർക്കെന്തു കൊണ്ട് കഴിയുന്നില്ല?”- ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.


കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ ബിജെപിക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കാവി മാറ്റി പച്ച നിറത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ വിലയിരുത്തൽ. എന്നാൽ പ്രചാരണത്തിൻ്റെ ആകർഷണീയതയ്ക്ക് വേണ്ടി മാത്രമാണ് നിറം മാറ്റിയതെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഖാലിദ് ജഹാംഗീർ വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top