ഇന്നെങ്കിലും ജയിക്കുമോ ആർസിബി? പോരാട്ടം കൊൽക്കത്തയുമായി

ഇക്കൊല്ലത്തെ ഐപിഎല്ലിൽ നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു കളി പോലും വിജയിക്കാൻ സാധിക്കാത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് വീണ്ടും കളത്തിലിറങ്ങുകയാണ്. മറ്റെല്ലാ ടീമുകളും ഓരോ വിജയങ്ങളെങ്കിലും സ്വന്തം പേരിൽ കുറിച്ചുവെങ്കിലും ഇതു വരെ ആർസിബിക്ക് അതിന് സാധിച്ചിട്ടില്ല. അത് മാറ്റിക്കുറിക്കാനായാണ് കോഹ്ലിപ്പട ഇന്നിറങ്ങുന്നത്.

ലക്ഷ്യബോധമില്ലാത്ത ഫീൽഡിംഗും ദുർബലമായ ഡെത്ത് ബൗളിംഗും ചേർന്നാണ് ആർസിബിയെ തോല്പിച്ചു കൊണ്ടിരിക്കുന്നത്. കടലാസിൽ വളരെ കരുത്തരായ ബാറ്റിംഗ് നിര ഇതു വരെ പേരിനൊത്ത പ്രകടനം കാഴ്ച വെച്ചിട്ടില്ല. കോഹ്ലിയും ഡിവില്ല്യേഴ്സുമടക്കം നിരാശപ്പെടുത്തുന്ന പ്രകടനങ്ങളുമായി ബാറ്റ്സ്മാന്മാർ മത്സരിക്കുമ്പോൾ അല്പമെങ്കിലും പോരാട്ട വീര്യം കാഴ്ച വെക്കുന്നത് ഓപ്പണർ പാർഥിവ് പട്ടേൽ മാത്രമാണ്. എട്ടരക്കോടിയോളം രൂപ മുടക്കി ടീമിലെത്തിച്ച വെസ്റ്റിൻഡീസ് യുവതാരം ഷിംറോൺ ഹെട്മെയർ ഇതു വരെ ഒരു നല്ല ഇന്നിംഗ്സ് പോലും കാഴ്ച വെച്ചിട്ടില്ല. ടിം സൗത്തി, വാഷിംഗ്ടൺ സുന്ദർ തുടങ്ങി മികച്ച കളിക്കാരെ പുറത്തിരുത്തുന്ന ആർസിബി ടീം മാനേജ്മെൻ്റിനും ഈ തോൽവികളിൽ പങ്കുണ്ട്. ഇന്ന് ഹെട്മെയർ പുറത്തായി ടിം സൗത്തി ടീമിലിടം നേടാൻ സാധ്യതയുണ്ട്. ഓപ്പണിംഗിൽ ചില അഴിച്ചു പണികളും മാനേജ്മെൻ്റ് നടത്തിയേക്കും.

മറുവശത്ത് ആന്ദ്രേ റസലിൻ്റെ മാരക ഫോമിൻ്റെ ബലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സുനിൽ നരൈൻ, ക്രിസ് ലിൻ ഓപ്പണിംഗ് സഖ്യത്തോടൊപ്പം റോബിൻ ഉത്തപ്പ, നിതീഷ് റാണ, ദിനേഷ് കാർത്തിക്, ശുഭ്മൻ ഗിൽ എന്നിവരടങ്ങിയ ബാറ്റിംഗ് നിര ശക്തവും വിശ്വസനീയവുമാണ്. സുനിൽ നരേനൊപ്പം ലോക്കീ ഫെർഗൂസൻ, കുൽദീപ് യാദവ് തുടങ്ങി ഒരുപിടി മികച്ച ബൗളർമാരും കൊൽക്കത്തയുടെ കരുത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി പോയിൻ്റ് ടേബിളിൽ നാലാമതുള്ള കൊൽക്കത്ത ഫൈനൽ ഇലവനിൽ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.

ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 8 മണിക്കാണ് മത്സരം നടക്കുന്നത്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ച് ആയതു കൊണ്ട് തന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top