യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളി: എ കെ ആന്റണി

മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതാണ് പ്രസ്താവന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. കഴിഞ്ഞ അന്‍പത് വര്‍ഷമായി ലീഗ് കോണ്‍ഗ്രസിിനൊപ്പവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പവും നിന്നിട്ടുണ്ട്. വിവാദ പ്രസ്താവനയില്‍ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും എ കെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

വയനാട്ടില്‍ രാഹുലിന്റെ എതിരാളികള്‍ ദുര്‍ബലരാണ്. ഇന്ത്യയാകെ ബിജെപിക്കെതിരെ പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മാത്രം ശക്തിയുള്ള പിണറായി വിജയന്‍ ഉപദേശിക്കുന്നത് ശരിയല്ല. ബിജെപിക്കെതിരെ സര്‍ക്കാരുണ്ടാക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളുടെയും സഹായം തേടും. ശബരിമല വിഷയത്തിലെ സിപിഐഎമ്മിന്റയും ബിജെപിയുടേയും നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ആന്റണി പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ മതേതരത്വത്തെ ബാധിച്ച വൈറസാണ് യോഗി ആദിത്യനാഥെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കടന്ന മുസ്ലീം വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രസ്താവന. മുസ്ലീം ലീഗില്‍ മുസ്ലീം എന്ന വാക്കുള്ളതുകൊണ്ടാണ് യോഗിയുടെ പരാമര്‍ശമെന്നും ഹസന്‍ കാസര്‍ഗോഡ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top