‘ശ്വാസം മുട്ടുന്നതു പോലെ ചിരിച്ചു; എന്നിട്ട് ആലോചിച്ച് പറയാമെന്ന്’; ദുൽഖറിനോട് കഥ പറഞ്ഞ അനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ: വീഡിയോ

ഒരു വർഷത്തിനു ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ ഏപ്രിൽ 25ന് തീയറ്ററുകളിലെത്തുകയാണ്. ദുൽഖർ ഇതു വരെ ചെയ്ത എല്ലാ സിനിമകളിൽ നിന്നും മാറി ഒരു മുഴുനീള ഫൺ എൻ്റർടെയിന്മെൻ്റാണ് ഒരു യമണ്ടൻ പ്രേമകഥ. സിനിമയുടെ കഥ പറയാനായി ദുൽഖറിനെ കാണാൻ ചെന്നപ്പോഴുണ്ടായ രസകരമായ അനുഭവം ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കു വെച്ചിരിക്കുകയാണ്.

“സിക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ദുല്‍ഖര്‍ ഭയങ്കര ചിരിയായിരുന്നു. തമാശയൊക്കെ പുള്ളിക്ക് ഇഷ്ടമായി. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു, രക്ഷപ്പെട്ടു ഇനി സമ്മതം പറഞ്ഞോളുമെന്ന്. ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്.”- ദുൽഖറിനോട് കഥ പറഞ്ഞപ്പോഴുള്ള അനുഭവം ഇങ്ങനെയാണ് വിഷ്ണു വിശദീകരിച്ചത്. അതേ സമയം, താൻ അങ്ങനെയാണ് എല്ലാവരോടും മറുപടി പറയുന്നതെന്ന് ദുൽഖറും വ്യക്തമാക്കി. അവരോട് നോ പറയാൻ താൻ ആലോചിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

23ന് എല്ലാവരും ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്ത ശേഷം സിനിമ കാണാന്‍ തീയറ്ററില്‍ എത്തണം എന്നും ദുല്‍ഖര്‍ ആരാധകരോട് അഭ്യർത്ഥിച്ചു. ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു.

സിനിമയുടെ വിശേഷങ്ങളുമായി ദുൽഖർ സൽമാനൊപ്പം ഫേസ്ബുക്കിൽ ലൈവിലെത്തിയായിരുന്നു വിഷ്ണുവിൻ്റെ വെളിപ്പെടുത്തൽ. വിഷ്ണുവിനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായ ബിബിന്‍ ജോര്‍ജ്, സംവിധായകൻ ബിസി നൗഫൽ എന്നിവരും ലൈവ് വീഡിയോയിൽ വിശേഷങ്ങൾ പങ്കു വെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top