Advertisement

മസാല ബോണ്ട് ഒളിച്ചു വിൽക്കുന്നതല്ല; സിഡിപിക്യു കനേഡിയൻ പൊതുമേഖലാ സ്ഥാപനം: തോമസ് ഐസക്

April 6, 2019
Google News 1 minute Read

മസാലബോണ്ടിൽ നിക്ഷേപം നടത്തിയ കനേഡിയൻ കമ്പനിയായ സിഡിപിക്യുവിന് എസ്എൻസി ലാവലിനുമായിട്ട് ബന്ധമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് ഫേസ്ബുക്കിൽ മറുപടിയുമായി ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്.

‘യുവമോർച്ചയുടെ സംസ്ഥാന നേതാവിനും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനും ഒരേ സോഴ്സാണ് എന്നത് വീണ്ടും അത്ഭുതപ്പെടുത്തുന്നു. യുവമോർച്ച നേതാവ് പത്രസമ്മേളനം നടത്തി പറഞ്ഞ അതേകാര്യം അൽപ്പസമയത്തിനകം പ്രതിപക്ഷനേതാവും അതേ നഗരത്തിൽ പത്രസമ്മേളനം നടത്തി ഉന്നയിക്കുന്ന വിചിത്ര സംഭവത്തിനാണ് ഇന്ന് സാക്ഷ്യംവഹിച്ചത്. എന്തായാലും ഇതിൻ്റെ ഒരു രാസബന്ധം ജനങ്ങൾ തിരിച്ചറിയും.

കിഫ്ബിയിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ പണമില്ലാത്ത ദിവാസ്വപ്നങ്ങളാണ് എന്നതായിരുന്നു ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിൻ്റെ അടുത്ത ദിവസം വരെയുള്ള ആരോപണം. വെറും ഉഡായിപ്പാണെന്നും അദ്ദേഹം പറഞ്ഞു വച്ചു. ഇദ്ദേഹം ഉഡായിപ്പ് എന്ന് കിഫ്ബിയെ വിശേഷിപ്പിച്ച ദിവസമാണ് അന്തർദേശീയ ബോണ്ട് മാർക്കറ്റിൽ കിഫ്ബിയുടെ ആദ്യ ബോണ്ട് വിൽപ്പന കരാറാകുന്നത്. 2150 കോടി രൂപ മസാലബോണ്ടു വഴി കിഫ്ബിയുടെ അക്കൗണ്ടിൽ എത്തിയതോടെ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന് പണമില്ലാത്ത പദ്ധതികളെന്ന തൻ്റെ വാദം വിഴുങ്ങേണ്ടി വന്നു.

അപ്പോഴാണ് പുതിയ വിചിത്രമായ വാദം. കിഫ്ബി മസാലബോണ്ടിനെ എസ്.എൻ.സി ലാവലിൻ കമ്പനിയുടെ പേരുപറഞ്ഞ് ഒരു പുകമറ സൃഷ്ടിച്ച് ദുരൂഹതയിൽ നിർത്താനാണ് അദ്ദേഹത്തിൻ്റെ പുതിയ ശ്രമം. മസാലബോണ്ടിൽ നിക്ഷേപം നടത്തിയ കനേഡിയൻ കമ്പനിയായ സി.ഡി.പി.ക്യുവിന് എസ്.എൻ.സി ലാവലിനുമായിട്ട് എന്തോ ഉണ്ടത്രേ.

എസ്.എൻ.സി ലാവലിൻ ഇല്ലാതെ കേരളത്തിൽ കോൺഗ്രസിന് ഒരു തെരഞ്ഞെടുപ്പിനെയും നേരിടാൻ ത്രാണിയില്ല. ഈ ഉഡായിപ്പ് 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ജനം പുല്ലുപോലെ പുച്ഛിച്ച് ചവറ്റുകുട്ടയിൽ ഇട്ടതാണ്. ഒന്നുകൂടി ശ്രമിച്ചുകളയാമെന്നാണ് ചെന്നിത്തലയുടെ മോഹം.

സി.ഡി.പി.ക്യു 1965 ൽ രൂപീകൃതമായ പെൻഷൻ ഫണ്ട് മാനേജ്മെൻ്റ് കമ്പനിയാണ്. കനേഡിയൻ പ്രവിശ്യയായ ക്യുബക് നാഷണൽ അസംബ്ലി നിയമം പാസ്സാക്കി സ്ഥാപിച്ച ഒരു പൊതുസ്ഥാപനം. അതിൻ്റെ ഇന്നോളമുള്ള പ്രയാണത്തിൻ്റെ കഥ വെറുതേയൊന്ന് വെബ്സൈറ്റ് നോക്കിയാൽ മതി മനസിലാകാവുന്നതേയുള്ളൂ. ലോകത്ത് 75 രാജ്യങ്ങളിലായി 220 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമുള്ള കമ്പനിയാണിത്. ഏതാണ്ട് 15.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഇന്ത്യയിൽ ഈ കമ്പനിക്ക് 31,500 കോടി രൂപയ്ക്ക് തുല്യമായ 4.5 ബില്യൺ യു.എസ് ഡോളർ നിക്ഷേപമുണ്ട്. ഇന്ത്യാ സർക്കാരിൻ്റെ നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (NIIFB) ഈ കമ്പനിയുമായി വിവിധ പ്രോജക്ടുകളിൽ സഹകരിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ കിഫ്ബിയാണ് ഈ NIIFB. ഇന്ത്യാ സർക്കാരിൻ്റെ സെക്യൂരിറ്റികളിൽ സി.ഡി.പി.ക്യു.വിന് 130 മില്യൺ നിക്ഷേപമുണ്ട്.

ഇന്ത്യയിൽ സി.ഡി.പി.ക്യു എവിടെയൊക്കെ, എന്തിനൊക്കെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നതിൽ ഒരു വ്യക്തയ്ക്കുവേണ്ടി ശ്രീ. ചെന്നിത്തലയ്ക്ക് ശ്രീ. നന്ദൻ നിലേകാനിയോട് ചോദിക്കുന്നത് നന്നായിരിക്കും.

മസാലബോണ്ട് പിന്നാമ്പുറത്തുകൂടി ഒളിച്ചു വിൽക്കുന്ന ഒരു ഏർപ്പാടല്ല. വിദേശ മൂലധന വിപണിയിൽ നിന്നും മസാലബോണ്ടു വഴി പണം സമാഹരിക്കാൻ കിഫ്ബി ബോർഡ് തീരുമാനിക്കുന്നു. അതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി കിഫ്ബിയെ ദേശീയവും അന്തർദേശീയവുമായ റേറ്റിംഗിന് വിധേയമാക്കി വിജയിക്കുന്നു. മസാലബോണ്ട് പുറപ്പെടുവിക്കുന്നതിനുള്ള അനുവാദം റിസർവ്വ് ബാങ്കിൽ നിന്നും നേടിയെടുക്കുന്നു. സിംഗപ്പൂർ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റു ചെയ്ത് ബോണ്ട് പുറപ്പെടുവിക്കുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുവാദമുള്ളവർക്ക് ബോണ്ട് വാങ്ങി പണം നമ്മുടെ പദ്ധതികളിൽ നിക്ഷേപിക്കാനായി വായ്പ നൽകാം. പലിശ നിരക്കും തീരുമാനിച്ചു കരാറായി പണം കൈമാറുന്നു. നിക്ഷേപിക്കുന്നത് ആരെന്നോ, നിക്ഷേപത്തിൻ്റെ നിബന്ധനകൾ എന്തെന്നോ ഒളിച്ചുവച്ച് നടത്തുന്ന ഒരു ഏർപ്പാടല്ല മൂലധന വിപണയിലെ നിക്ഷേപ കൈമാറ്റമെന്നത് പ്രാഥമിക പാഠം മാത്രമാണ്.

എന്താണ് എസ്.എൻ.സി. ലാവലിനുമായി സി.ഡി.പി.ക്യു.വിനുള്ള ബന്ധം? അവർ 75 രാജ്യങ്ങളിൽ നടത്തിയിട്ടുള്ള 15.50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ എത്രയോ ഒരംശം എസ്.എൻ.സി ലാവലിൻ്റെ പദ്ധതികളിൽ മുടക്കിയിട്ടുണ്ടത്രേ. നമ്മുടെ മസാലബോണ്ടിൽ നിക്ഷേപം നടത്തിയത് സി.ഡി.പി.ക്യു എന്ന കനേഡിയൻ പൊതുമേഖലാ സ്ഥാപനമാണ്. ലാവലിനൊന്നും അതിൽ ഒരു കാര്യവുമില്ല.

ചെറുങ്ങനെ പലിശ നിരക്ക് സംബന്ധിച്ച ഒരു പടക്കംകൂടി പൊട്ടിക്കാൻ പാഴ്ശ്രമം നടത്തുന്നുണ്ട് പ്രതിപക്ഷനേതാവ്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനതലത്തിലുള്ള ഒരു സംരംഭം വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുന്നത്. 9.723 ശതമാനമാണ് ഇപ്പോൾ നാം നേടിയുള്ള വായ്പയുടെ പലിശ നിരക്ക്. പലിശ നിരക്ക് സംബന്ധിച്ച് ആഴത്തിൽ വിശകലനം നടത്തിയിട്ടാണ് കിഫ്ബി ബോണ്ട് ഇറക്കുന്നതിനുള്ള സമയവും മറ്റും നിശ്ചയിച്ചത്. ആഭ്യന്തര മാർക്കറ്റിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിംഗുള്ള ഏജൻസികൾ വായ്പയെടുത്തിട്ടുള്ളത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100 ൽ താഴെ കോടി രൂപയുടെ ചെറിയ ബോണ്ടുകൾ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്. തമാശ തോന്നിച്ചത് ഒന്നേമുക്കാൽ – രണ്ട് ശതമാനം പലിശയ്ക്ക് പദ്ധതികൾക്ക് പണം കിട്ടുമല്ലോ എന്ന പരാമർശമാണ്. കൊച്ചി വാട്ടർ മെട്രോയെ ഉദാഹരണമാക്കുകയും ചെയ്തു. ഇന്ത്യാ സർക്കാർ വഴി റൂട്ട് ചെയ്തിരിക്കുന്ന ഇത്തരം വായ്പകൾ എഫ്.ആർ.ബി.എം. നിയമപ്രകാരമുള്ള പരിധികൾക്ക് അകത്താണ് വരുന്നത്. ഇതിനു പുറത്ത് നമ്മുടെ വിശാലമായ പശ്ചാത്തലസൗകര്യ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴിയാണ് കിഫ്ബി വഴി തേടുന്നതെന്നത് അറിയാതെയല്ലല്ലോ ഈ പറച്ചിൽ. മാത്രമല്ല, വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങൾ വേറെയും.

പലിശ നിരക്ക് നിർണ്ണയിക്കുന്നതിൽ നിർണ്ണായകം സ്ഥാപനത്തിൻ്റെ റേറ്റിംഗാണ്. ഇന്ത്യാ സർക്കാരിൻ്റെ റേറ്റിംഗ് BBB- ആണ്. അതിനു താഴെയേ കിഫ്ബി പോലുള്ള ഒരു സ്ഥാപനത്തിന് റേറ്റിംഗ് ലഭിക്കൂ. മറ്റൊന്ന്, ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിലാണ് മസാലബോണ്ടിലെ വിനിമയം. അന്തർദേശീയ നാണയ വിപണയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളുടെ കെടുതിയിൽ നിന്നും മോചിതമാണ് ഇത് എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ആകർഷണീയത. ഈ ഘടകങ്ങളെല്ലാം ഇന്ത്യയിലെ പ്രാമാണികൻമാരായ ധനകാര്യ ബാങ്കിംഗ് വിദഗ്ധർ അടങ്ങുന്ന കിഫ്ബി ബോർഡ് തലനാരിഴകീറി പരിശോധിച്ചതിനുശേഷമാണ് ഇതിനുള്ള തീരുമാനം എടുത്തിട്ടുള്ളത്. മറ്റൊന്നുകൂടി പറയാം. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിനുള്ള മൂലധന സ്വരൂപണത്തിന് ഒരു പുതിയ പാതയാണ് മസാലബോണ്ട് വെട്ടിത്തുറന്നിട്ടുള്ളത്. അത് ഈ നാടിനു നൽകുന്ന സാധ്യതകൾ അനന്തമാണ്.

മസാലബോണ്ടുകൾ വഴി മാത്രമല്ല കിഫ്ബി പണം സ്വരൂപിക്കുന്നത്. ഡയസ്പോറ ബോണ്ടുകൾ, പ്രവാസി ചിട്ടികൾ, ബാങ്ക് നിക്ഷേപങ്ങൾ ഇവയെല്ലാം കിഫ്ബി ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇവിടെയൊക്കെ വലിയ വിലപേശൽ ശേഷിയാണ് ഈ മസാലബോണ്ടുകൾ വഴി കിഫ്ബിക്ക് ലഭിച്ചിരിക്കുന്നത്.

കിഫ്ബി സംബന്ധിച്ച് പ്രതിപക്ഷനേതാവിൻ്റെ നിലപാടുകൾക്ക് കൗതുകകരമായ ഒരു തുടർച്ചയുണ്ട്. കിഫ്ബി പദ്ധതികൾ നിയമസഭയിൽ പ്രഖ്യാപിക്കുന്ന വേളയിൽ സ്വപ്നാടനമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. പദ്ധതികൾ പതിയെ പ്രവർത്തിയിൽ എത്തുമെന്നായപ്പോൾ ഇത് ആകാശ കുസുമമാണ്, സമീപിക്കുന്തോറും അകന്ന് അകന്നുപോകുമെന്നാണ് പറഞ്ഞത്. പദ്ധതികൾ കരാറിലെത്തി നിർമ്മാണത്തിലേയ്ക്ക് നീങ്ങുന്ന ഘട്ടത്തിൽ പണം ഇല്ലാതെ പദ്ധതികളോ എന്നു ചോദിച്ച് ആളുകളെ അകറ്റാൻ ബോധപൂർവ്വമായ ഒരു പരിശ്രമം. ഒടുവിൽ മസാലബോണ്ടുകൾ അന്തർദേശീയ മാർക്കറ്റിൽ എത്തിയ ദിവസം തന്നെ കിഫ്ബി ഉഡായിപ്പാണെന്ന അസാമാന്യമായ മറ്റൊരു പ്രഖ്യാപനം. പണം കരഗതമായി, പടർത്തിവിടാൻ ശ്രമിച്ച ആശങ്കകളെല്ലാം തെറ്റെന്ന് വന്നപ്പോൾ ബാലിശമായ ഇത്തരം ആക്ഷേപങ്ങളുമായി രംഗത്തിറങ്ങുന്നു. കിഫ്ബിയെയും അത് കേരളത്തിന് നൽകുന്ന പശ്ചാത്തലസൗകര്യ സൃഷ്ടിയേയും തകർക്കുകയാണ് പ്രതിപക്ഷനേതാവിൻ്റെ ലക്ഷ്യം. അത് വിലപ്പോകില്ല.’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here