ആശുപത്രിയിലായ ബെന്നി ബെഹനാന് വേണ്ടി മുതിർന്ന നേതാക്കളും എംഎൽഎമാരും പ്രചാരണത്തിനിറങ്ങും

ഹൃദയാഘാതത്തെ തുടർന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ ആശുപത്രിയിലായ സാഹചര്യത്തിൽ മുതിർന്ന നേതാക്കളും മണ്ഡലത്തിലെ എം എൽ മാരും ചാലക്കുടിയിൽ പ്രചാരണത്തിനിറങ്ങുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന യുഡിഎഫ് നേതാക്കളാണ് ചാലക്കുടി മണ്ഡലത്തിൽ പ്രചരണത്തിന് എത്തുന്നത്. സ്ഥാനാർത്ഥിയുടെ അസാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ്  പ്രചരണത്തിന് കോട്ടം തട്ടാതെ മുന്നോട്ട് കൊണ്ടുപോകാനാണ് യൂഡിഎഫിന്റെ ശ്രമം. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവെയാണ് ബെന്നി ബെഹനാൻ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലായത്.

Read Also; ചാലക്കുടിയിലും നമ്മൾ ആവേശം അണയാതെ സൂക്ഷിക്കും; ആശുപത്രി കിടക്കയിൽ നിന്നും ബെന്നി ബെഹനാന്റെ കുറിപ്പ്

യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് ബെന്നി ബെഹനാനിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടി അനുകൂലമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. സ്ഥാനാർത്ഥിയുടെ അസാന്നിധ്യത്തിൽ എംഎൽഎമാരെ പ്രചരണത്തിന് ഇറക്കാനാണ് തീരുമാനം. എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, വി.പി സജീന്ദ്രൻ എന്നിവർ മണ്ഡലത്തിൽ പര്യടനം നടത്തും. ഇവർക്കു പുറമേ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കളെയും മണ്ഡലത്തിൽ സജീവമായി പ്രചാരണ രംഗത്തിറക്കാനാണ് തീരുമാനം.

ജില്ലയിലെ എംഎൽഎ മാരായ വി ഡി സതീശൻ, പി ടി തോമസ് എന്നിവരും പ്രചാരണത്തിന് ഊർജം പകരാൻ എത്തും. ആലുവയിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നെഞ്ചു വേദനയെ തുടർന്ന് ഇന്നലെ രാവിലെയാണ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബഹന്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്ത് ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top