ചൗക്കിദാറിന്റെ റാലികള്‍ക്ക് ഇക്കുറി വോട്ടര്‍മാര്‍ അന്ത്യം കുറിക്കും; ബിജെപിയെ പുറത്താക്കി മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് മായാവതി

ചൗക്കിദാറിന്റെ റാലികള്‍ക്ക് ഇക്കുറി വോട്ടര്‍മാര്‍ അന്ത്യം കുറിക്കുമെന്ന് ബിഎസ്്പി നേതാവ് മായാവതി. ബിജെപിയെ പുറത്താക്കി ഇക്കുറി മഹാസഖ്യം അധികാരത്തില്‍ വരും. ചെറുതും വലുതുമായ ചൗക്കിദാര്‍മാര്‍ എത്ര ശ്രമിച്ചാലും ബിജെപിയെ രക്ഷിക്കാന്‍ കഴിയില്ല. അധികാരത്തില്‍ നിന്ന് പുറത്താകും എന്ന് ഉറപ്പായതോടെ ബിജെപി ആകെ പരിഭ്രാന്തിയില്‍ ആണെന്നും മായാവതി പറഞ്ഞു. സഹറാന്‍പുരിലെ ദിയോബന്ദില്‍ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി.

കോണ്‍ഗ്രസിനെതിരേയും മായാവതി ആഞ്ഞടിച്ചു. വര്‍ഷങ്ങള്‍ രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ് പൂര്‍ണ പരാജയം ആയിരുന്നു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മായാവതി വിമര്‍ശിച്ചു. ന്യായ് പദ്ധതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനതിനുള്ള ശരിയായ പദ്ധതി അല്ലെന്ന് മായാവതി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അഴിമതിക്കാരാണ്. കോണ്‍ഗ്രസിന് ബോഫോഴ്സ് അഴിമതിയാണെങ്കില്‍ ബിജെപിക്ക് റഫാല്‍ അഴിമതിയാണ്. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ ബിജെപി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും മാാവതി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സഖ്യത്തിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അതിന്റെ ഗുണം ബിജെപിക്കായിരിക്കും ലഭിക്കുക. ബിജെപിയെ സഹായിക്കുന്ന രീതിയില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. മുസ്ലീം വോട്ടുകള്‍ വിഭജിക്കപ്പെടരുത് എന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനേയും ബിജെപിയേയും വിമര്‍ശിച്ച് എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും രംഗത്തെത്തി. ബിജെപിയും കോണ്‍ഗ്രസും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് അഖിലേഷ് വിമര്‍ശിച്ചു. നയങ്ങളില്‍ ഒരു മാറ്റവുമില്ല. രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ട് വരാനാണ് വിശാല സഖ്യം. കോണ്‍ഗ്രസിന് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ താല്‍പര്യം ഇല്ല. അധികാരം നേടുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top