മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; കിഫ്ബി മസാല ബോണ്ടില്‍ വീണ്ടും രമേശ് ചെന്നിത്തല

കേരള സര്‍ക്കാരിന്റെ കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിക്ക് വേണ്ടി കൂടുതല്‍ സഹകരിച്ച സിഡിപിക്യു കമ്പനിക്കും ലാവ്‌ലിന്‍ കമ്പനിക്കും ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി നടത്തുന്ന മൗനം ദുരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് ഓഹരികള്‍ നല്‍കിയവരെ രഹസ്യമാക്കി വെച്ചത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ലാവ്‌ലിന്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് സിഡിപിക്യു. 20 ശതമാനം ഓഹരികള്‍ ആണ് അവര്‍ക്ക് ഉള്ളത്. കമ്പനിയുടെ പേര് എന്തിന് മറച്ചു വെക്കുന്നുവെന്ന് വ്യക്തമാക്കണം. കമ്പനികളുടെ പേര് മറച്ചുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടല്‍ എന്താണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് ഉരുണ്ടുകളിക്കുകയാണ്. ലാവ്‌ലിന്‍ കമ്പനിയും സിഡിപിക്യുവും തമ്മില്‍ ചെറിയ ബന്ധമെന്ന് പറയുന്ന തോമസ് ഐസക്ക് മറുപടി പറയണം. സിഡിപിക്യുവിന്റെ ആരൊക്കെയുമായി ചര്‍ച്ച നടത്തിയെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Read more: കിഫ്ബി മസാല ബോണ്ടില്‍ അഴിമതി; ബോണ്ട് വിവരങ്ങള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

കനേഡിയന്‍ കമ്പനിയുടെ ആരെങ്കിലും മുഖ്യമന്ത്രിയേയോ ധനകാര്യ മന്ത്രിയെയോ കണ്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇവരുമായി ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ പ്രതിപക്ഷത്തെ കാണിക്കാന്‍ തയാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ദുരൂഹമായ ഇടപാടിന്റെ എല്ലാ വസ്തുതകളും മുഖ്യമന്ത്രി പറയാന്‍ തയ്യാറാകണം. ഇടത് പക്ഷത്തിന് ലാവ്‌ലിനുമായി എന്താണ് ഇത്ര ബന്ധമുള്ളത്? മസാല ബോണ്ടിന്റെ എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നും ഗവണ്‍മെന്റ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെ മസാല ബോണ്ടില്‍ വന്‍ അഴിമതിയെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. ലാവ്ലിന്‍ കമ്പനിയുമായി പിണറായി വിജയന് ഉള്ള ബന്ധം കൊണ്ടാണ് ബോണ്ടുകള്‍ സിഡിപിക്യു കമ്പനിക്ക് നല്‍കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. ബോണ്ട് വിറ്റഴിച്ചതിന്റെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്നും ഇതുമായി ബന്ധപ്പെട്ട ഉള്ളുകളികള്‍ ഇനിയും പുറത്ത് കൊണ്ട് വരുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top