എഐഎഫ്എഫിന്റെ ഇരട്ടത്താപ്പ്; മിനർവ പഞ്ചാബിനു പിന്നാലെ നെറോക്കയും അടച്ചു പൂട്ടലിലേക്ക്

ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിക്കുന്ന ഇരട്ടത്താപ്പിൽ മനം മടുത്ത് ഐലീഗ് ക്ലബുകൾ. ഐഎസ്എൽ ക്ലബുകളോട് ഉദാരമനസ്കത കാണിക്കുന്ന എഐഎഫ്എഫ് ഐലീഗ് ക്ലബുകളെ തിരിഞ്ഞു നോക്കുന്നില്ല. ഫുട്ബോൾ ഫെഡറേഷൻ്റെ ഈ നിലപാടിൽ മനം മടുത്ത് മിനർവ പഞ്ചാബ് അടച്ചു പൂട്ടിയതിനു പിന്നാലെ നെറോക്ക എഫ്സിയും ക്ലബ് അടച്ചു പൂട്ടാനൊരുങ്ങുന്നു. ഐഎസ്എൽ-ഐലീഗ് ക്ലബുകളെ ഒന്നിപ്പിച്ച് ഐലീഗിൽ കളിക്കുന്ന ക്ലബുകളെ സെക്കൻഡ് ഡിവിഷൻ ആക്കാനുള്ള ഫുട്ബോൾ ഫെഡറേഷൻ്റെ തീരുമാനമാണ് നെറോക്കയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നെറോക്ക ഇക്കാര്യം അറിയിച്ചത്.
“2017ൽ ഒരുപാട് കഷ്ടപ്പാടുകൾക്കും നിക്ഷേപങ്ങൾക്കും ശേഷമാണ് ടോപ്പ് ലീഗിലേക്ക് ഞങ്ങൾ യോഗ്യത നേടിയത്. വെറും 2 സീസണുകൾ ടോപ്പ് സീസണിൽ കളിച്ചതിനു പിന്നാലെ വീണ്ടും സെക്കൻഡ് ഡിവിഷനിൽ കളിക്കാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുകയാണെങ്കിൽ ക്ലബ് അടച്ചു പൂട്ടലല്ലാതെ മറ്റൊരു വഴി ഞങ്ങൾക്കില്ല. ഞങ്ങൾ പണം കൊണ്ട് സമ്പന്നരല്ലെങ്കിലും കാല്പന്ത് പ്രതിഭകൾ കൊണ്ട് ഞങ്ങൾ സമ്പന്നരാണ്. പക്ഷേ, ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ പണത്തെക്കുറിച്ച് മാത്രമാണ്. കഠിനാധ്വാനം ചെയ്യുന്ന ക്ലബുകൾക്ക് ഇവിടെ ഇടമില്ല”- ക്ലബ് കുറിച്ചു.
ഐഎസ്എല്ലിനെ ഇന്ത്യയിലെ പ്രൈം ലീഗായി ഉയർത്തി ഐലീഗിനെ പാർശ്വവത്കരിക്കാനുള്ള ഫുട്ബോൾ ഫെഡറേഷൻ്റെ നയം വ്യാപകമായി വിമർശിക്കപ്പെടുകയാണ്. 2007ൽ ആരംഭിച്ച ഐലീഗാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ ഫുട്ബോളിൻ്റെ ഊർജ്ജം. ഐഎസ്എൽ ക്ലബുകളേക്കാൾ പ്രൊഫഷണലിസവും കളിനിലവാരവുമുള്ള ഐലീഗ് ഇല്ലാതാക്കുന്നത് ഇന്ത്യൻ ഫുട്ബോൾ മേഖലയെത്തന്നെ തകർക്കുന്നതാണ്.
നേരത്തെ, കഴിഞ്ഞ വർഷത്തെ ഐലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബ് അടച്ചു പൂട്ടുകയാണെന്ന് ക്ലബ് ഉടമ രഞ്ജിത് ബജാജ് അറിയിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ അനീതികൾക്ക് എതിരെ പോരാടുന്നതിന് എഐഎഫ്എഫ് തങ്ങളെ വേട്ടയാടുന്നു എന്ന കാരണത്താലാണ് ക്ലബ് അടച്ചു പൂട്ടുന്നതെന്ന് രഞ്ജിത് ബജാജ് പറഞ്ഞു. ഐഎസ്എലിൻ്റെ വരവോടെ ഐലീഗിനെ ഇല്ലാതാക്കാൻ ഫുട്ബോൾ ഫെഡറേഷൻ ശ്രമിക്കുന്നു എന്ന ആരോപണവും നേരത്തെ രഞ്ജിത് ബജാജ് ഉയർത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here