സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത്

നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തി സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ ഷാഹ്ജഹാൻപൂരിലെ വൈദ് രാജ് കിഷൻ എന്ന സ്ഥാനാർത്ഥിയാണ് പത്രിക സമർപ്പിക്കാൻ വരനെ പോലെ അണിഞ്ഞൊരുങ്ങിയത്. വേഷ വിധാനങ്ങളിൽ മാത്രമല്ല സധാരണ വിവാഹങ്ങളിൽ കാണപ്പെടുന്ന തരത്തിൽ കൊട്ടും പാട്ടും മേളവുമുണ്ടായിരുന്നു കിഷനൊപ്പം.

ഷാഹ്ജഹാൻപൂരിലെ സൻയുക്ത് വികാസ് പാർട്ടി സ്ഥാനാർത്ഥിയാണ് വൈദ് രാജ് കിഷൻ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എന്തിനാണ് ഇങ്ങനെ പോയതെന്ന് ചോദിച്ചപ്പോൾ ‘ഞാൻ രാഷ്ട്രീയത്തിന്റെ മരുമകനായാണ് പോയ’തെന്നായിരുന്നു കിഷന്റെ മറുപടി. താൻ നിരവധി തവണ മത്സരിച്ചിട്ടുണ്ടെന്നും എന്നാൽ ഒരിക്കാൽ പോലും വിജയം കൈവരിക്കാൻ സാധിച്ചില്ലെന്നും എന്നാൽ ഇത്തവണ തീർച്ചയായും ജയിക്കുമെന്നും കിഷൻ പറഞ്ഞു.

ഷാഹ്ജഹാൻപൂരിലെ ജനങ്ങൾ തനിക്കൊപ്പമാണെന്ന് കിഷൻ പറഞ്ഞു. നാല് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏപ്രിൽ 29 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെയും വ്യത്യസ്തമായ രീതികളിലാണ് കിഷൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top