Advertisement

മലപ്പുറത്ത് മൂന്നര വയസുകാരിയെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ച സംഭവം; പൊലീസിനെതിരെ ശിശുക്ഷേമ സമിതി

April 10, 2019
Google News 1 minute Read

മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിയെ പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ ശിശുക്ഷേമ സമിതി. കുട്ടിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വകുപ്പ് ഉണ്ടായിട്ടും പൊലീസ് തയാറാകുന്നില്ലെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കുറ്റപ്പെടുത്തി.

പരാതി ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന പൊലീസിന്റെ വാദം ചെയര്‍മാന്‍ തള്ളി. കുട്ടിയ്ക്ക് എതിരായ ക്രൂരത അറിഞ്ഞിട്ടും ഇടപെടാതിരുന്ന ശിശു വികസന ഓഫീസര്‍മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സിഡബ്യുസി ചെയര്‍മാന്‍ വ്യക്തമാക്കി.

സംഭവത്തില്‍ ജുവൈനല്‍ പൊലീസിനോടുള്‍പ്പെടെ ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. പോഷകാഹാരക്കുറവ് ഉള്‍പ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന് മുന്നില്‍ മര്‍ദ്ദനത്തിരയായ കുട്ടിയെ ഹാജരാക്കി ആരോഗ്യ പരിശോധനയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read more: മലപ്പുറത്ത് മൂന്നുവയസുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് ചുമത്തുന്നതുള്‍പ്പടെയുള്ള മറ്റു നടപടികളിലേക്ക് കടക്കുക. ഭക്ഷണം നല്‍കാതെയും മറ്റും ഏറെക്കാലമായി കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. നിലവില്‍ കുട്ടിയെയും സഹോദരങ്ങളെയും മാതാവിനെയും ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here