പുൽവാമ ജവാന്മാരുടെ പേരിൽ മോദിയുടെ വോട്ടഭ്യർത്ഥന; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ പേരിൽ വോട്ടഭ്യർഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. മോദിയുടെ പ്രസംഗം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. സൈനികരുടെ പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ഇതു മറികടന്നായിരുന്നു മോദിയുടെ വോട്ടഭ്യർഥന.
മഹാരാഷ്ട്രയിലെ ലത്തൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി സൈനികരുടെയും കൊല്ലപ്പെട്ട ജവാൻമാരുടെയും പേരിൽ വോട്ട് ചോദിച്ചത്. നിങ്ങളുടെ കന്നിവോട്ട് പുൽവാമയിലെ ധീര രക്തസാക്ഷികൾക്കും ബാലാക്കോട്ടിൽ പാക്കിസ്ഥാനു ഉചിതമായ മറുപടി നൽകിയവർക്കും നൽകാൻ തയാറുണ്ടോ എന്നായിരുന്നു ചോദ്യം. ഇക്കാരണങ്ങൾ പരിഗണിച്ചു ബിജെപിക്കു വോട്ടു ചെയ്യണമെന്നും കന്നിവോട്ടർമാരോടായി പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.
നേരത്തെ, വ്യോമസേനയെ “മോദിസേന’യാക്കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തിരുന്നു. വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തെ പരാമർശിച്ചായിരുന്നു യോഗിയുടെ “മോദിജിയുടെ സൈന്യം’ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here