Advertisement

തരൂരിന് പറയാന്‍ 10 വര്‍ഷത്തെ പ്രവര്‍ത്തനമികവ്, കുമ്മനത്തിന് വിശ്വാസ സംരക്ഷണം, ന്യൂജനറേഷനൊപ്പം ദിവാകരന്‍; ‘സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്’

April 10, 2019
Google News 1 minute Read

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തെക്കന്‍ കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലവും തിരുവനന്തപുരമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മൂന്നാം തവണയും ലോക്‌സഭയിലേക്ക് മത്സരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. മണ്ഡലത്തില്‍ പത്തുവര്‍ഷം തരൂരിന് ലഭിച്ച ജനസ്വീകാര്യതയാണ് അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയാണ് കേന്ദ്രനേതൃത്വം തീരുമാനിച്ചത്. വിശ്വാസം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ജനപിന്തുണ നേടാന്‍ കുമ്മനത്തിന് സാധിക്കുമെന്ന് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ വിലയിരുത്തുന്നു. കഴിഞ്ഞ തവണ ശശി തരൂരിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ബിജെപിക്ക് എത്താന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം ഇരട്ടിയാക്കിയാണ് കുമ്മനം പ്രചാരണ രംഗത്തുള്ളത്.

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് സിപിഐയുടെ സി ദിവാകരന്‍ രംഗത്തുള്ളത്. യുവാക്കള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും ചെയ്തില്ല എന്ന ആരോപണവുമായി യുവാക്കളെ ചേര്‍ത്തുപിടിച്ചാണ് സി ദിവാകരന്റെ വോട്ടുപിടുത്തം. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനഘട്ട പ്രചാരണങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികള്‍ കടന്നുകഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളോട് പറയാന്‍ ചിലതുണ്ട്. വികസനവും രാഷ്ട്രീയവും സംബന്ധിച്ച് അവര്‍ക്ക് പറയാനുള്ളത് ട്വന്റിഫോര്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ന് മുതല്‍ ട്വന്റിഫോര്‍ ആരംഭിക്കുന്ന പുതിയ പംക്തി…, ‘വോട്ട്‌സ്അപ്’

ആദ്യം സിറ്റിങ് എം പി ശശി തരൂരിനോട് തന്നെ ചോദിക്കാം

പത്ത് വര്‍ഷം തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ അംഗമായിരുന്നു. എന്താണ് പ്രതീക്ഷകള്‍?

ജയിക്കുമെന്ന് ഉറപ്പ്. കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നു. ജനങ്ങളുടെ ആവേശം, കൈവീശല്‍, ചിരി ഉള്‍പ്പെടെ കാണുമ്പോള്‍ അവര്‍ക്കൊരു പ്രതിനിധിയുണ്ടെന്ന് അവര്‍ക്ക് അറിയാമെന്നാണ് മനസിലാക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു, പാര്‍ലമെന്റില്‍ സംസാരിച്ചു. അവര്‍ അത് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ തികഞ്ഞ പ്രതീക്ഷ.

രാഹുല്‍ ഗാന്ധിയുടെ വരവിനെക്കുറിച്ച്?

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത ഭയങ്കര ആവേശം ഉണ്ടാക്കി. അത് വയനാട്ടില്‍ മാത്രമല്ല, ഇരുപത് മണ്ഡലങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലും അലയടിക്കും. രാഹുല്‍ ഇഫക്ട് ദക്ഷിണ ഭാരതത്തില്‍ മികച്ച രീതിയില്‍ പ്രതിഫലിക്കും.

കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിശ്വാസം. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ ഒന്ന്, രണ്ട് സ്ഥലത്ത് നല്ലതുപോലെ മത്സരിക്കാന്‍ സാധ്യതയുണ്ട്. ബിജെപിയുടെ കാര്യത്തില്‍ അത്തരത്തില്‍ ഒരു സാധ്യതയുമില്ല. കേരളത്തില്‍ എവിയെടും അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.

മത്സ്യത്തൊഴിലാളികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട്?

എതിരാളികളുടെ നുണപ്രചാരണമാണത്. നുണപ്രചരിപ്പിക്കരുതെന്നാണ് അവരോട് പറയാനുള്ളത്. അതിനുള്ള മറുപടി മത്സ്യത്തൊഴിലാളികള്‍ തന്നെ നല്‍കിക്കൊള്ളും. പറയാത്ത കാര്യങ്ങള്‍ വായിലിട്ട് തന്നിട്ട് ഞാന്‍ അങ്ങനെ പറഞ്ഞു എന്ന് പറയുന്നത് എന്നെക്കുറിച്ച് വേറെ ഒന്നും അവര്‍ക്ക് പറയാനില്ലാത്തതുകൊണ്ടാണ്.

kummanam rajasekharan

വിശ്വാസ സംരക്ഷണം കുമ്മനം രാജഖേശരന്റെ തുറുപ്പുചീട്ട്

എതിരാളികള്‍ ശക്തര്‍, തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ എന്തൊക്കെ?

എതിരാളികള്‍ക്ക് യാതൊരു ശക്തിയുമില്ല. അവരൊക്കെ ദുര്‍ബലരാണ്. കഴിഞ്ഞ കുറേ വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ജനങ്ങളില്‍ നിന്നും ഒരു വിശ്വാസവും ആര്‍ജിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് പറയാം. എന്‍ഡിഎ ജനങ്ങളുടെ ആശയവും ആവേശവുമായി മാറിയിരിക്കുന്നു. നരേന്ദ്രമോദി ചെയ്ത ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ നെഞ്ചിലേറ്റുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ എന്റൈ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു. എതിരാളികള്‍ ദുര്‍ബലരാണ്.

പ്രധാനമായും എന്തൊക്കെ വിഷയങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നത്?

അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കണ്ടിട്ടില്ല. വിമാനത്താവള, മെട്രോ വിഷയങ്ങള്‍ ഉള്‍പ്പെടെയുണ്ട്. കാര്‍ഷിക, വാണിജ്യ രംഗങ്ങളിലൊന്നും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ മണ്ഡലത്തെ അവഗണിക്കുകയാണ് ഉണ്ടായത്. അതിനുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്.

ജനങ്ങളുടെ സ്വീകാര്യതയെക്കുറിച്ച്?

ജനങ്ങള്‍ വാസ്തവത്തില്‍ ആഗ്രഹിക്കുന്നത് വിശ്വാസ സംരക്ഷണമാണ്. വികസനം, വിശ്വാസ സംരക്ഷണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ചില ഉറപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ജനങ്ങള്‍ എന്നെ വിശ്വസിക്കും.

d divakaran

ന്യൂജനറേഷന്‍ സി ദിവാകരനൊപ്പം

തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍?

വിജയ പ്രതീക്ഷ ഒരുപാട് വര്‍ദ്ധിച്ചു. ആവേശഭരിതരാണ് പുതിയ ജനറേഷന്‍. യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പ് അവര്‍ക്കുകൂടി വേണ്ടിയാണ്. പുതിയ തലമുറ അനുഭവിക്കുന്നത് ശരിക്കും ദുരിതമാണ്. തൊഴിലില്ലായ്മയാണ് അവരെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. ഇന്ത്യയിലൊട്ടാകെ യുവജനങ്ങള്‍ നേരിടുന്നത് കടുത്ത അവഗണനയും രൂക്ഷമായ തൊഴില്‍ പ്രശ്‌നങ്ങളുമാണ്. ജോലി നല്‍കാമെന്ന് പറഞ്ഞ് നരേന്ദ്രമോദി സര്‍ക്കാര്‍ അവരെ പറ്റിച്ചു. കേരളത്തിലെ സര്‍ക്കാരിലാണ് അവര്‍ക്ക് ആകെയൊരു അഭയമുള്ളത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അത് നടപ്പിലാക്കും.

വികസത്തിന്റെ കാര്യത്തില്‍ പത്തു വര്‍ഷം കൊണ്ട് മണ്ഡലം ഏറെ മുന്നോട്ടുപോയെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ അവകാശവാദത്തെ എങ്ങനെ പ്രതിരോധിക്കുന്നു?

വികസനത്തിന്റെ കാര്യത്തില്‍ മണ്ഡലം വട്ടപൂജ്യം. ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനം പോലും മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. ഉണ്ടായിരുന്ന രണ്ട് സ്ഥാപനങ്ങള്‍ ( തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്) വിറ്റ അനുഭവമാണ് മണ്ഡലത്തില്‍ ഉള്ളത്. വില്‍പ്പനയ്ക്ക് കൂട്ടുനിന്നത് ഇവിടുത്തെ എംപിയാണ്. വിറ്റത് ബിജെപിയും അതിന് കൂട്ടുനിന്നത് ശശി തരൂരുമാണ്. കൂട്ടുകച്ചവടമാണ് നടന്നത്. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് അന്വേഷിക്കും. എങ്ങനെയാണ് വിറ്റത്, ആരാണ് കച്ചവടം നടത്തിയത്, എന്ത് ലാഭമാണ് ഉണ്ടായത്, ഡീല്‍ എന്തായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ അന്വേഷിക്കും.

ആര്‍എസ്എസുകാര്‍ ബിജെപിക്ക് വേണ്ടി വീടുകള്‍ കയറിയിറങ്ങി വോട്ടു ചോദിക്കുന്നു. ആര്‍എസ്എസ് വന്നാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമോ?

ആര്‍എസ്എസുകാര്‍ പ്രചാരണം നടത്തി ഇന്ത്യയില്‍ ഒരാളും ജയിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് അവരുടെ പ്രചാരണം. പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് എതിരെ. അവര്‍ നടത്തുന്ന ഹിന്ദു തീവ്രവാദം കേരളം അംഗീകരിക്കില്ല. ഭരണഘടനാവിരുദ്ധമാണ് അവരുടെ പ്രചാരണം. ഭരണഘടന പറയുന്നത് മതേതരത്വമാണ്.

യോഗി ആദിത്യനാഥിന്റെ മുസ്ലീം ലിഗിനെതിരായ പ്രസ്താവന ന്യൂനപക്ഷങ്ങളെ അകറ്റുമെന്ന് കരുതുന്നുണ്ടോ?

യോഗി ആദിത്യനാഥ് ഒരു ഗൗരവമുള്ള മുഖ്യമന്ത്രിയാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഒരോ ദിവസവും ഓരോ കാര്യങ്ങളാണ് പറയുന്നത്. അതിന് മറുപടി പറയേണ്ട കാര്യമില്ല. ഇത് കേരളമാണ്. യോഗി ആദിത്യനാഥിന് കേരളത്തെ അറിയില്ല. ഇവിടുത്തെ ജനങ്ങള്‍ രാഷ്ട്രീയ ബോധമുള്ളവരാണ്. രാഷ്ട്രീയം നോക്കിയാണ് ഇവിടെയുള്ളവര്‍ വോട്ടു ചെയ്യുന്നത്. മതമോ ജാതിയോ നോക്കിയല്ല. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ നോക്കിയാണ്. പണമുണ്ടെങ്കില്‍ ഇവിടെ ജയിക്കാം, ആരെയും കൊല്ലാം, നിയമക്കുരുക്കില്‍ നിന്നും രക്ഷനേടാം എന്നാണ് കരുതുന്നത്. അതൊന്നും കേരളത്തില്‍ വിലപ്പോകില്ല.

തിരക്കിനിടെ അല്‍പസമയം മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ നമ്മളോട് പ്രതികരിച്ചത്. നാളെ ചോദ്യങ്ങളും ഉത്തരങ്ങളുമായി മറ്റൊരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുമായി വീണ്ടും കാണാം…

തെരഞ്ഞെടുപ്പിന്റെ അവസാന വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളോട് ചിലത് പറയാന്‍ ഉണ്ടാകും. അവര്‍ക്ക് പറയാനുള്ള വികസനവും രാഷ്ട്രീയവും ട്വന്റിഫോര്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രത്യേക പംക്തി- ‘വോട്ട്‌സ്അപ്’; നിങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here