ബേഗുസരായിയിൽ ഇക്കുറി കരുത്തൻമാരുടെ പോരാട്ടം

രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കിലായിക്കഴിഞ്ഞു. കഴിഞ്ഞു.രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയാണ്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ
അടുത്തറിയാം…

 

കേരളത്തിലേതു പോലെ കർഷക സമരപോരാട്ടങ്ങളുടെ ചരിത്രമുണ്ട് ബീഹാറിലെ ബേഗുസരായി ലോക്‌സഭാ മണ്ഡലത്തിന്. ഭൂരഹിതരായ കർഷകർ ജൻമിമാർക്കെതിരെ നടത്തിയ പോരാട്ടങ്ങൾക്ക് അന്ന് നേതൃത്വം നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായിരുന്നു.
ബേഗുസരായിയുടെ മണ്ണിലുറങ്ങുന്ന വിപ്ലവവീര്യത്തിന്റെ പഴയ കനലുകൾ ആളിക്കത്തിക്കാൻ ഇക്കുറി ഇടതുപക്ഷം രംഗത്തിറക്കുന്നത് മുൻ ജെഎൻയു നേതാവ് കനയ്യ കുമാറിനെയാണ്.
എന്നാൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ വിജയമുറപ്പിക്കണമെങ്കിൽ കനയ്യയ്ക്ക് കടമ്പകളേറെ കടക്കേണ്ടി വരും. എതിരാളികളിൽ പ്രമുഖൻ കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ്.സമുദായ പിന്തുണയിൽ മുന്നിലുള്ള ഗിരിരാജ് സിങിനെ വീഴ്ത്തുകയെന്നത് കനയ്യയ്ക്ക് ഏറെ ദുഷ്‌കരമാകും.മുതിർന്ന ആർജെഡി നേതാവ്‌ തൻവീർ ഹസനാണ് ബേഗുസരായിയിലെ മൂന്നാമത്തെ സ്ഥാനാർത്ഥി.
രാഷ്ട്രീയ ജനതാദളിന് കാര്യമായ സ്വാധീനമുള്ള ഉത്തര ബീഹാറിൽ തൻവീർ നേടുന്ന മുസ്ലീം വോട്ടുകളും ജയം തീരുമാനിക്കുന്നതിൽ നിർണ്ണായക ഘടകമാകും.

ബേഗുസരായിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്കു കടന്നാൽ തുടക്കത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പവും പിന്നീട് ജനതാദൾ യുണൈറ്റഡിനൊപ്പവും ഏറ്റവുമൊടുവിൽ ബിജെപിയുടെ കൂടെയും നിന്ന മനസ്സാണ് മണ്ഡലത്തിന്റേത്. ഇതിനിടെ ഒരു തവണ മാത്രം ബേഗുസരായി ഇടതുപക്ഷത്തിനൊപ്പവും നിലയുറപ്പിച്ചിട്ടുണ്ട്. 1967 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഐ സ്ഥാനാർത്ഥി യോഗേന്ദ്ര ശർമ്മ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിച്ചുകയറിയത്.

തൊട്ടടുത്ത വർഷം രണ്ടാം സ്ഥാനത്തെത്തിയതുമൊഴിച്ചാൽ പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ഇടതുപക്ഷത്തിന് കാര്യമായ നേട്ടങ്ങൾ ബേഗുസരായിയിൽ ഉണ്ടാക്കാനായിട്ടില്ല. നിലവിൽ ബിജെപിയുടെ ഭോലാ സിങാണ് ബേഗുസരായിയുടെ എം.പി. ഇത്തവണയും മത്സരരംഗത്തുളള ആർജെഡിയുടെ തൻവീർ ഹസ്സനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 58,335 വോട്ടുകൾക്കാണ് ഭോലാ സിങ് വീഴ്ത്തിയത്.

ബിജെപിയുമായി സഖ്യത്തിലുള്ള ജനതാദൾ യുണൈറ്റഡിന് കാര്യമായ വേരോട്ടമുള്ള നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മണ്ഡലമാണ് ബേഗുസരായി. സിറ്റിങ് എംപിയെ മാറ്റി കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ തന്നെ ഇത്തവണ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ഭൂമിഹാർ സമുദായത്തിന്റെ വോട്ടുകളുറപ്പിക്കാൻ തന്നെയാണ്. ഭൂമിഹാർ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ബേഗുസരായി. കനയ്യ കുമാറും ഭൂമിഹാർ സമുദായത്തിൽ നിന്നുള്ളയാളാണെങ്കിലും ഗിരിരാജ് സിങ്ങിനുള്ള സമുദായ പിന്തുണയിൽ ബിജെപിയ്ക്ക് പൂർണവിശ്വാസമുണ്ട്.

Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?

നേരത്തെ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കനയ്യകുമാറിനെ മത്സരിപ്പിക്കാൻ ഇടതുപക്ഷം ശ്രമം നടത്തിയിരുന്നു. ഇതു മുന്നിൽ കണ്ടു കൊണ്ട് ഗിരിരാജ് സിങിനെ രംഗത്തിറക്കി ബിജെപിയും കരുക്കൾ നീക്കി. ഗിരിരാജ് സിങ് കളത്തിലിറങ്ങിയതോടെ ഭൂമിഹാർ സമുദായ പിന്തുണ ലഭിക്കില്ലെന്ന കണക്കുകൂട്ടലിൽ ആർജെഡി ബേഗുസരായ് സീറ്റിൽ നിന്നും കനയ്യയെ ഒഴിവാക്കുകയായിരുന്നു. ഇടതുപാർട്ടികൾക്ക് മുൻ തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം നടത്താൻ സാധിക്കാതിരുന്നതും ഈ സീറ്റ് വിട്ടു കൊടുക്കുന്നതിൽ നിന്നും ആർജെഡിയെ പിന്തിരിപ്പിച്ചു. ബീഹാറിലെ ഉയർന്ന ജാതി വിഭാഗമായ ഭൂമിഹാറിൽപ്പെട്ട കനയ്യകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് ആർജെഡിയുടെ ദളിത് വോട്ടുകൾ നഷ്ടപ്പെടുത്തുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ടായിരിക്കണം. എന്തായാലും സഖ്യം ഇല്ലാതെ വന്നതോടെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി കനയ്യ കളത്തിലിറങ്ങുകയായിരുന്നു.

നേരത്തെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ടിട്ടുള്ള കനയ്യകുമാർ തെരഞ്ഞെടുപ്പിലും തന്റെ വിപ്ലവശൈലി തന്നെയാണ് പിന്തുടരുന്നത്. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച് മണ്ഡലത്തിൽ ഏറെ ശ്രദ്ധ നേടാൻ കനയ്യയ്ക്കായി. ദളിത് നേതാക്കളും വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുമൊക്കെ വോട്ടഭ്യർത്ഥനയുമായെത്തുന്നതും കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഏറെ ആളെക്കൂട്ടുന്നുണ്ട്.

എന്നാൽ ഇടതുപക്ഷത്തിന് ശക്തി ക്ഷയിച്ചു തുടങ്ങിയ മണ്ഡലത്തിൽ ഇതെല്ലാം എങ്ങനെ വോട്ടാക്കി മാറ്റുമെന്നതാകും നിർണായകം. ഇത്തവണ മണ്ഡലത്തിലുണ്ടാകുന്ന ശക്തമായ ത്രികോണ മത്സരം ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാൻ ഇടയാക്കിയാൽ ബേഗുസരായിയിലെ വിപ്ലവസാധ്യതകളെ അതു ബാധിക്കുമെന്നുറപ്പാണ്.

Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച നവാഡ മണ്ഡലത്തിൽ നിന്നുമാണ് ഇക്കുറി കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന ബേഗുസരായിയിലേക്ക് ഗിരിരാജ് സിങിനെ ബിജെപി ഇറക്കിയിരിക്കുന്നത്. സുരക്ഷിത മണ്ഡലത്തിൽ നിന്നുള്ള അപ്രതീക്ഷിത മാറ്റത്തിൽ ആദ്യം സ്ഥാനാർത്ഥി തന്നെ നീരസം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അമിത് ഷാ ഉൾപ്പെടെയുള്ളവർ ഗിരിരാജ് സിങിനെ അനുനയിപ്പിക്കുകയായിരുന്നു. ഭൂമിഹാർ വിഭാഗത്തെ കയ്യിലെടുക്കാൻ ഗിരിരാജ് സിങിനോളം മിടുക്കൻ വേറെയില്ലെന്ന കണക്കുകൂട്ടലിലാണ് ഷായുടെ നീക്കങ്ങൾ.


ആർജെഡി സഖ്യം വേറെ സ്ഥാനാർത്ഥിയെ നിർത്തിയതും കാര്യങ്ങൾ എളുപ്പമാക്കിയെന്നാണ് ബിജെപി ക്യാമ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എതിർപക്ഷത്തായിരുന്ന ജെഡിയു ഇത്തവണ കൂടെയുളളതും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കേന്ദ്രസർക്കാർ കൊണ്ടു വന്ന കർഷകക്ഷേമ പദ്ധതികളും സ്വന്തം മണ്ഡലമായ നവാഡയിൽ കേന്ദ്രമന്ത്രി എന്ന നിലയിൽ നടപ്പാക്കിയ നേട്ടങ്ങളുമാണ് പ്രചാരണവേദികളിൽ ബിജെപി സ്ഥാനാർത്ഥി ആവർത്തിച്ചു പറയുന്നത്. മറുപക്ഷത്ത് കനയ്യ കുമാർ ആയതിനാൽ തന്നെ ബിജെപിക്കും ഗിരിരാജ് സിങിനും ബേഗുസരായിയിൽ വിജയം അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ബേഗുസരായിയിൽ ഇത്തവണ തൻവീർ ഹസനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആർജെഡി നീക്കവും വിജയിക്കുമോ എന്നതും പ്രധാനമാണ്. കഴിഞ്ഞ തവണ ബിജെപിക്ക് വീണ വോട്ടുകളിൽ ചെറിയൊരു ശതമാനം കനയ്യകുമാർ പിടിച്ചാൽ പോലും ജയിച്ചു കയറാനാകുമെന്നാണ് ആർജെഡി പ്രതീക്ഷിക്കുന്നത്. എന്നാൽ ആർജെഡിയിൽ രൂക്ഷമായ ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന ആശങ്കയും അവർക്കുണ്ട്.

എന്തായാലും ബീഹാറിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ബേഗുസരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏപ്രിൽ 17 ന് ഇവിടുത്തെ ജനങ്ങൾ ആർക്ക് വിധിയെഴുതുമെന്ന് കാത്തിരുന്ന് കാണാം.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top