മൂന്നാം തവണയും ജനങ്ങളുടെ ‘വക്കീലാകാന്‍’ സമ്പത്ത്; മണ്ഡലം തിരിച്ചുപിടിക്കാന്‍ അടൂര്‍ പ്രകാശ്; കേന്ദ്രത്തിന്റെ ഭരണ നേട്ടം ഉയര്‍ത്തി ശോഭ സുരേന്ദ്രന്‍

എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും പ്രവചനാതീതമാണ് ആറ്റിങ്ങലിന്റെ കാര്യം. ഒരേ സമയം എല്‍ഡിഎഫിനോടും യുഡിഎഫിനോടും മണ്ഡലം കൂറു പുലര്‍ത്തിയേക്കാം. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇതുവരെ നടന്ന പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പതിനൊന്നിലും ആറ്റിങ്ങലിന്റെ ചായ്‌വ് ഇടത് സ്ഥാനാര്‍ത്ഥികളോടായിരുന്നു. അഞ്ച് തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തുണച്ചത്.

മണ്ഡലത്തിന്റെ കാര്യം ഇങ്ങനെയാണെങ്കിലും മൂന്ന് മുന്നണികളിലേയും സ്ഥാനാര്‍ത്ഥികള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പത്ത് വര്‍ഷം മണ്ഡലത്തിലെ പ്രകര്‍ത്തനമികവ് ഉയര്‍ത്തിപ്പിടിച്ചാണ് സിറ്റിങ് എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എ സമ്പത്ത് പ്രചാരണം നടത്തുന്നത്. മണ്ഡലത്തില്‍ അട്ടിമറി വിജയങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുന്‍ മന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അടൂര്‍ പ്രകാശ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും കേന്ദ്രസര്‍ക്കാരിനെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ രംഗത്തുള്ളത്. വികസനവും രാഷ്ട്രീയവും സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് ട്വന്റിഫോര്‍ നിങ്ങളിലേക്ക് എത്തിക്കുന്നു.

മൂന്നാം അങ്കത്തിനൊരുങ്ങി എ സമ്പത്ത്

തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍?

എല്ലാം ജനങ്ങളാണ് വിലയിരുത്തുന്നത്. വോട്ടഭ്യര്‍ത്ഥിക്കുക എന്നുള്ളതാണ് എന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായും ചിട്ടയായും മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ലക്ഷ്യം. അതാണ് നടപ്പിലാക്കുന്നതും. എല്ലാവരേയും പോളിങ് ബൂത്തിലേക്ക് ക്ഷണിക്കുകയാണ്.

എതിര്‍സ്ഥാനാര്‍ത്ഥികളും സജീവമായി പ്രചാരണരംഗത്തുണ്ട്. താങ്കള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങള്‍ എന്തൊക്കെയാണ്?

എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ സമ്മതിദായകര്‍ക്ക് വോട്ടവകാശം എന്നന്നേക്കുമായി നിഷേധിക്കപ്പെടാന്‍ പോകുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ബിജെപിയുടെ നേതാക്കള്‍ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും, ഇനിയൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ല എന്നൊക്കെയാണ് അവരുടെ പക്ഷം. ഞങ്ങളെ എതിര്‍ക്കുന്നതിനും വിമര്‍ശിക്കുന്നതിനും പരിഹസിക്കുന്നതിനും അവര്‍ക്കുകൂടി സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. പാര്‍ലമെന്റ് വ്യവസ്ഥയേയും ഭരണഘടനാ മൂല്യങ്ങളേയും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

എതിര്‍സ്ഥാനാര്‍ത്ഥികള്‍ എന്തെങ്കിലും തരത്തില്‍ വെല്ലുവിളിയാകുമെന്ന് കരുതുന്നുണ്ടോ?

കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ എന്തായാലും മൂന്ന് മുന്നണികള്‍ക്കും ഉണ്ടായേ മതിയാകൂ. ആരെങ്കിലുമൊക്കെ സ്ഥാനാര്‍ത്ഥി ആയാലേ കാര്യങ്ങള്‍ മുന്നോട്ടു പോകൂ. എല്ലാവരും വരട്ടെ, മത്സരിക്കട്ടെ, ജനങ്ങള്‍ വിധിയെഴുതട്ടെ.

തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ ബൈപ്പാസ് സാധ്യമായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബൈപ്പാസിന്റെ പ്രവര്‍ത്തനം തുടങ്ങുക പോലും ചെയ്തില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതേക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പ്രതിപക്ഷത്തിന് കൃത്യമായ ധാരണയില്ല. അവര്‍ വേറെ ഏതോ ലോകത്തിരുന്ന് കുഴിയെണ്ണിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതേപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആറ്റിങ്ങലില്‍ വരാന്‍ പോകുന്നത് ഒരു ബൈപ്പാസ് അല്ല. അങ്ങനെ പഠിച്ചുവെക്കുന്നിടത്താണ് പ്രശ്‌നം. ആറ്റിങ്ങലില്‍ ഉദ്ദേശിക്കുന്നത് നാലുവരി പാതയാണ്. ഓച്ചിറ മുതല്‍ കഴക്കൂട്ടം വരെ അഞ്ഞൂറ് കോടിയോളം വരുന്ന ഒരു പ്രൊജക്ടാണത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രൊജക്ടിനായി വീണ്ടുമൊരു നോട്ടിഫിക്കേഷന്‍ വന്നിരുന്നു. എന്റെ ശക്തമായ ഇടപെടല്‍ മൂലമായിരുന്നു അത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഈ പ്രൊജക്ടിന് വേണ്ടി ഒരു ചുക്കും ചെയ്തില്ല. നോട്ടിഫിക്കേഷന്‍ വന്നതിന് ശേഷം മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ അത് സംബന്ധിച്ച് വാര്‍ത്ത വന്നിരുന്നു. എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് ഒബ്ജക്ഷന്‍സ് ജില്ലാ കളക്ടര്‍ക്ക് നല്‍കാനുള്ള കാലാവധിയും ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കേട്ടു. കല്ലിടല്‍ ചടങ്ങു നടന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികളാണ് ഇനി നടക്കേണ്ടത്. ബൈപ്പാസ് അല്ല നാല് വരിപാതയാണെന്ന് പ്രതിപക്ഷത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ബൈപ്പാസ് എന്നൊക്കെ പറഞ്ഞ് ആറ്റിങ്ങലിന്റെ ഹൃദയത്തെ ബൈപ്പാസ് ചെയ്യാന്‍ പ്രതിപക്ഷം നോക്കണ്ട. ആറ്റിങ്ങലിന്റെ ഹൃദയത്തിന് നല്ല ഉറപ്പുണ്ട്. ഇവിടെ മീഡിയനോടു കൂടിയുള്ള നാലുവരി പാത ഉടന്‍ നടപ്പിലാക്കും.

ആറ്റിങ്ങലിലെ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍

സ്വപ്‌നങ്ങളുടെ വ്യാപാരിയോ യമണ്ടന്‍ പദ്ധതികളുടെ വിതരണക്കാരനോ അല്ലെന്ന് ആറ്റിങ്ങലിലെ ജനങ്ങളോട് ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്. നാടിനെ ബാഴ്‌സിലോണയാക്കാമെന്നൊന്നും ഞാന്‍ ആര്‍ക്കും വാഗ്ദാനം കൊടുത്തിട്ടില്ല. ചിലര്‍ നാടിനെ കാര്‍ബണ്‍ കോപ്പിയാക്കാം എന്നൊക്കെ പറയുന്നുണ്ടാകാം. അവര്‍ക്ക് അവരുടെ വഴി. ജനങ്ങള്‍ക്കൊപ്പം, ജനങ്ങളിലൊരാളായി, പാര്‍ലമെന്റില്‍ ജനങ്ങളുടെ വക്കീലായി ജനങ്ങളുടെ ശബ്ദമായി ഞാന്‍ ഉണ്ടാകും.

ഹാട്രിക് വിജയം നേടുക എന്നതിലുപരി മറ്റൊരു അഭിമാന പോരാട്ടം കൂടിയാണ് സമ്പത്തിന് വരുന്ന തെരഞ്ഞെടുപ്പ്. വിജയിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന ഭാഗ്യം കൂടി താങ്കള്‍ക്ക് ലഭിക്കും?

വിജയിച്ചുവന്നാല്‍ പ്രായംകൊണ്ട് തിരുവനന്തപുരം മണ്ഡലത്തിലെ സി ദിവാകരന്‍ ആയിരിക്കും കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സീനിയര്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടുവന്നാല്‍ അനുഭവ സമ്പത്തുകൊണ്ട് ഞാന്‍ തന്നെയായിരിക്കും സീനിയര്‍. അങ്ങനെയായിരിക്കട്ടെയെന്ന് നിങ്ങളെ പോലെ ഞാനും ആഗ്രഹിക്കുന്നു.

കോന്നിയില്‍ നിന്നും ആറ്റിങ്ങലിലെത്തിയ അടൂര്‍ പ്രകാശ്

ആറ്റിങ്ങല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അടൂര്‍ പ്രകാശ് പങ്കുവെച്ചത്. ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ക്ക് പിന്നിലെ കരുത്ത് എന്ത്?

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ഒരിക്കലും ഇടതുമുന്നണിയുടെ കുത്തകയല്ല. ഒരു കാലത്ത് ചിറയന്‍കീഴ് പാര്‍ലമെന്റ് നിയോജക മണ്ഡലം യുഡിഎഫിന്റെ കുത്തകയായിരുന്നു. യുഡിഎഫ് പ്രവകര്‍ത്തരുടെ ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനം കാണുമ്പോള്‍ തീര്‍ച്ചയായും ചിറയന്‍കീഴ് നിയോജകമണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.

കോന്നിയിലെ നിയമസഭാ മണ്ഡലത്തില്‍ നിന്നും ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക്. ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിക്കുന്ന പ്രതികരണം എങ്ങനെയാണ്?

കോന്നിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറ്റവും അധികം വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം, ഞാന്‍ അവിടെ നിന്നും വിട്ടു പോരുന്നു എന്നതാണ്. അവര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി ഒരു ചുമതല ഏല്‍പ്പിച്ചു, അത് ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് എന്നെ എല്ലാമാക്കിയത്. നിയമസഭാ അംഗമാകുവാനും പലവട്ടം മന്ത്രിയാകുവാനുമുള്ള അവസരം ഒരുക്കിയത് പാര്‍ട്ടിയാണ്. അവര്‍ പറയുന്നത് ഞാന്‍ കേട്ടെ മതിയാകൂ. അതാണ് സംഭവിച്ചത്.

മത്സരിക്കുന്നത് സിറ്റിങ് എംപിക്കെതിരെ. ആറ്റിങ്ങലിന് നല്‍കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ എന്തൊക്കെ?

സിറ്റിങ് എംപിക്ക് ചെയ്യാന്‍ കഴിയാതെ പോയ പല കാര്യങ്ങളും ഉണ്ട്. അവയില്‍ പലതും ഈ നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതാണ്. വിജയിച്ചുകഴിഞ്ഞാല്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകും. (തിരക്കുണ്ടായിരുന്നതിനാല്‍ വളരെ കുറച്ചു ചോദ്യങ്ങള്‍ മാത്രമാണ് അടൂര്‍ പ്രകാശിനോട് ചോദിക്കാന്‍ കഴിഞ്ഞത്).

ശോഭ സുരേന്ദ്രന്‍ തികഞ്ഞ പ്രതീക്ഷയിലാണ്

പ്രചാരണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുന്നു. എന്ത് തോന്നുന്നു?

ഓരോ നിമിഷവും പിന്നിടുമ്പോള്‍ വലിയൊരു തരംഗം മണ്ഡലത്തില്‍ അലയടിക്കുന്നതായാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ 20 മണ്ഡലങ്ങളിലും ആ തരംഗം അലയടിക്കുന്നുണ്ടെന്നാണ് കരുതുന്നത്. വിജയം സുനിശ്ചിതമായ രീതിയിലാണ് എനിക്ക് സഹോദരീ സഹോദരന്മാര്‍ നല്‍കുന്ന പിന്തുണ.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ രാഷ്ട്രീയം പരിശോധിക്കുകയാണെങ്കില്‍ ഇടത് അനുകൂല മണ്ഡലമാണ്. പലപ്പോഴും കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ സിറ്റിങ് എംപിയാണ്. മറ്റൊരാള്‍ മന്ത്രിയായിരുന്ന ആളുമാണ്. കരുത്തന്മാരോടാണ് പോരാട്ടം. ആ ഒരു ഘട്ടത്തില്‍ നല്‍കുന്ന ആത്മവിശ്വാസം അത് എങ്ങനെയാണ്?

ഈ പറഞ്ഞ രണ്ടു പേരില്‍ ഒരാള്‍ കരുത്ത് തെളിയിച്ചത് ഹൈമാസ് ലൈറ്റുകള്‍ മാത്രം മണ്ഡലത്തില്‍ നല്‍കാന്‍ കഴിഞ്ഞ എംപി എന്ന നിലയിലാണ്. ജനങ്ങള്‍ക്ക് മുന്നില്‍ അവരുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് ശക്തി തെളിയിക്കേണ്ടതിന് പകരം ശക്തി ചോര്‍ന്നു പോയ ഒരാളെയാണ് എനിക്ക് കാണാന്‍ സാധിച്ചത്. മറ്റൊരാള്‍ ശക്തി തെളിയിച്ചത് എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു അമ്മ അല്ലെങ്കില്‍ സഹോദരി എന്ന നിലയില്‍ എനിക്ക് പറയാന്‍ മോശമുണ്ട്. കാരണം സ്ത്രീ പീഡനത്തിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണദ്ദേഹം. ഇത് രണ്ടും ഒരു കരുത്തായിട്ട് കരുതുന്നില്ല. കരുത്തെന്നു പറയുന്നത് ആത്മവിശ്വാസമാണ്, ജനങ്ങളോടു പറഞ്ഞ വാക്കുപാലിക്കലാണ്. ഞാന്‍ ജനങ്ങളോട് പറയുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ക്ക് ഒരു വോട്ടു നല്‍കണം എന്നാണ്. കക്ഷി രാഷ്ട്രീയത്തിന് അധീതമായി എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതവിശ്വാസത്തെ പുലര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് ഒരു ഗവണ്‍മെന്റ് ചെയ്യേണ്ടത്. അതു പോലും ചെയ്തു തരാത്ത ഒരു ഗവണ്‍മെന്റ്, ആ ഗവണ്‍മെന്റിന് എതിരായുള്ള ശക്തമായ വികാരം ജനങ്ങളെ ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തും.

ശബരിമല വിഷയം പ്രചരണായുധമാക്കുമോ?

കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോടൊപ്പം തന്നെ അവിശ്വാസിയായ പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ നടത്തിയ അന്യായത്തെക്കുറിച്ച്, ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് നടത്തിയ നരനായാട്ടിനെക്കുറിച്ച് ഉള്‍പ്പെടെ ചര്‍ച്ച ചെയ്തായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുക.

മണ്ഡലം കേന്ദ്രീകരിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രധാന പ്രചാരണ വിഷയങ്ങള്‍ എന്തൊക്കെയാണ്?

കയര്‍ത്തൊഴിലാളികളുടെ പ്രശ്‌നമാണ് പ്രധാനമായ ഒന്ന്. കശുവണ്ടിത്തൊഴിലാലികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അരുവിക്കരയില്‍ നല്ല ഭൂപ്രകൃതിയുണ്ട്. അവര്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഒരു വശം.

വാമനപുരം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നല്ല കോളെജുകളില്ല. അത് ഒരുക്കിക്കൊടുക്കാന്‍ സാധിക്കണം. സ്പിരിച്വല്‍ ടൂറിസത്തിന് ഏറെ സാധ്യതകളുണ്ട്. തീരദേശ മേഖലയുടെ വളര്‍ച്ചയ്ക്ക് സാധ്യതകള്‍ ഏറെയാണ്. ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന ചെറുകിട വ്യവസായ സംരഭകത്വത്തിനും സാധ്യതകളുണ്ട്. ഒരു വലിയ മാറ്റം ഉണ്ടാക്കിക്കൊണ്ടായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ പൂര്‍ത്തീകരണം ഉണ്ടാകുക.

തെരഞ്ഞെടുപ്പിന്റെ അവസാന വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളോട് ചിലത് പറയാന്‍ ഉണ്ടാകും. അവര്‍ക്ക് പറയാനുള്ള വികസനവും രാഷ്ട്രീയവും ട്വന്റിഫോര്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രത്യേക പംക്തി- ‘വോട്ട്‌സ്അപ്’; നിങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top