ഷാനിമോള്‍ക്ക് പറയാന്‍ മണ്ഡലത്തിന്റെ രാഷ്ട്രീയം; തികഞ്ഞ പ്രതീക്ഷയില്‍ ആരിഫ്; മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കെ എസ് രാധാകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെക്കിന്റെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നിന്നും ജില്ല കര കയറി വരുന്നതേയുള്ളു. നിലവില്‍ യുഡിഎഫിന്റെ കെ സി വേണുഗോപാലാണ് മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. പ്രളയം തകര്‍ത്ത കുട്ടനാടും കാര്‍ഷിക സമ്പത്തുമാകും യുഡിഎഫും എല്‍ഡിഎഫും ഉന്നയിക്കുന്ന പ്രധാനവിഷയങ്ങള്‍.

ആലപ്പുഴ നഗരത്തിലടക്കം ഇപ്പോഴും രൂക്ഷമായി തുടരുന്ന, പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് കുടിവെള്ള കുടിവെള്ള ക്ഷാമം. നെല്‍കാര്‍ഷിക മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് മറ്റൊന്ന്. പ്രളയകാലത്ത് എം പിയെ മണ്ഡലത്തില്‍ കാണാനില്ലായിരുന്നു യുഡിഎഫ് എം പി കെ സി വേണുഗോപാലിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. ഇത്തവണ കെ സി വേണുഗോപാല്‍ മത്സരരംഗത്തില്ല. പകരം ഷാനിമോള്‍ ഉസ്മാനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരൂര്‍ എം എല്‍എ, എ എം ആരിഫ് അവസാനഘട്ട പ്രചാരണ രംഗത്ത് തിരക്കിലാണ്. മുന്‍ പിഎസ്‌സി ചെയര്‍മാന്‍കൂടിയായ ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണനും തികഞ്ഞ ആത്മവിശ്വാസത്തില്‍ പ്രചാരണ രംഗത്ത് സജീവമാണ്. ആലപ്പുഴയിലെ വികസനവും രാഷ്ട്രീയയും സ്ഥാനാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പങ്കുവെയ്ക്കുന്നു.

‘മണ്ഡലം നിലനിര്‍ത്താന്‍ ഷാനിമോള്‍ ഉസ്മാന്‍

അവസാനഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുന്നു. എന്തൊക്കെയാണ് പ്രതീക്ഷകള്‍?

ഐക്യജനാധിപത്യ മുന്നണി വമ്പിച്ച ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടുത്തെ എം പി യുഡിഎഫിന്റെ കെ സി വേണുഗോപാലാണ്. അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഉറപ്പായും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതുമാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റേയും ഐക്യജനാധിപത്യ മുന്നണിയുടേയും പ്രസക്തി ഉയര്‍ന്നു. കേരളത്തിലെ അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സ്വീകരിച്ച നിലപാടുകളും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. വമ്പിച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും.

സ്ത്രീകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍?

സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ അംഗമായി കാണുന്നുണ്ട്. സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. കുറേയേറ വര്‍ഷക്കാലം ആലപ്പുഴയുടെ പൊതുരാഷ്ട്രീയ രംഗത്ത് നില്‍ക്കുന്ന ആളാണ് ഞാന്‍. സ്ത്രീകള്‍ എനിക്കൊപ്പം നില്‍ക്കും എന്നത് ഒരു വസ്തുതയാണ്. അക്കാര്യത്തില്‍ തികഞ്ഞ പ്രതീക്ഷയുണ്ട്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ആലപ്പുഴയില്‍ ഏത് രീതിയില്‍ ഗുണം ചെയ്യും?

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടില്‍ മാത്രമല്ല ആലപ്പുഴയിലും മറ്റ് മണ്ഡലങ്ങളിലും തെക്കേ ഇന്ത്യയില്‍ ഉള്‍പ്പെടെ ഗുണം ചെയ്യും. അത് വലിയ ആരവം സൃഷ്ടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം 20-20 ആകുമെന്നുള്ളത് വസ്തുതയാണ്.

എസ്എന്‍ഡിപി അടക്കമുള്ള സാമുദായിക സംഘടകളുടെ പിന്‍ബലം, അവരുടെ പിന്തുണ ഇത്തവണ എല്‍ഡിഎഫിനാണ്. അത് യുഡിഎഫിന് വെല്ലുവിളിയാകുമെന്ന് കരുതുന്നുണ്ടോ?

തെരഞ്ഞെടുപ്പില്‍ ആരെയും ഞാന്‍ വേര്‍തിരിച്ചു കാണുന്നില്ല. മറ്റൊന്നുമല്ല ഇവിടെ ചര്‍ച്ചയാകുന്നത്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് കൃത്യമായ രാഷ്ട്രീയമാണ്. വോട്ടര്‍മാരുടെ നിലവാരം നോക്കുകയാണെങ്കില്‍ കൃത്യമായ രാഷ്ട്രീയ ബോധമുള്ളവരാണ്. ഏത് മേഖലയിലെ വ്യക്തിയായാലും സ്ത്രീയായാലും പുരുഷനായാലും അവര്‍ക്കൊരു രാഷ്ട്രീയം ഉണ്ടായിരിക്കും. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ഒരിടത്ത് മറ്റു വിഷയങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.

മണ്ഡലം മാറ്റിമറിക്കാന്‍ എ എം ആരിഫ്

വിജയ പ്രതീക്ഷ?

ജയിക്കുമെന്ന കാര്യത്തില്‍ നൂറ്റിയൊന്നു ശതമാനം പ്രതീക്ഷ

കഴിഞ്ഞ രണ്ട് തവണ യുഡിഎഫിന്റെ കെ സി വേണുഗോപാല്‍ മത്സരിച്ച് വിജയിച്ച മണ്ഡലം. എല്‍ഡിഎഫിന് അനുകൂലമായി മണ്ഡലത്തില്‍ ഉള്ള ഘടകങ്ങള്‍ എന്തൊക്കെയാണ്?

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ ആറ് എണ്ണത്തിലും എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷമാണ് ഉള്ളത്. ഒരു മണ്ഡലത്തില്‍ മാത്രമാണ് ഭൂരിപക്ഷം അല്‍പം കുറവുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷമാണ് ലഭിച്ചത്. 7000 വോട്ടിന്റെ ഭൂരിപക്ഷം 21000 ആയി ഉയര്‍ന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുകയാണ്.

ജനങ്ങളുടെ പ്രതികരണം എങ്ങനെ?

ആലപ്പുഴ മണ്ഡലത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പതിനായിരത്തില്‍ അധികം കോടിയുടെ ഇന്‍വെസ്റ്റ്‌മെന്റാണ് നടക്കുന്നത്. ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു എംപി വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. പത്ത് വര്‍ഷത്തെ കെ സി വേണുഗോപാലിന്റെ പ്രവര്‍ത്തനം തികച്ചും പരാജയമാണ്. കെ സി വേണുഗോപാലിന്‌ മണ്ഡലത്തില്‍ നില്‍ക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുമൊന്നും സമയം ലഭിച്ചിട്ടില്ല. ദേശീയതലത്തില്‍ ഉയരാനുള്ള പരിശ്രമങ്ങള്‍ക്കിടെ വേണുഗോപാല്‍ മണ്ഡലത്തെ മറന്നു എന്നു തന്നെ വേണം പറയാന്‍. അതു തന്നെയായിരിക്കും ശരിയായ പ്രയോഗം. മണ്ഡലത്തിലെ പല പ്രശ്‌നങ്ങളും അദ്ദേഹം മനസിലാക്കിയിട്ടില്ല. റെയില്‍വേ വാഗണ്‍, പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ ഒരു മീറ്റിങിന് പോലും അദ്ദേഹം സമയം കണ്ടെത്തിയിട്ടില്ല. സ്ഥലം ഉടമകളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ക്കാനുണ്ട്. അതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. എംപിയായും എംഎല്‍എയായും 23 വര്‍ഷത്തോളമാണ് കെ സി വേണുഗോപാല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. ബൈപ്പാസ് ഇത്രയും വര്‍ഷം താമസിപ്പിച്ചത് അദ്ദേഹത്തിന്റെ പിടിപ്പുകേടാണ്.

അരൂരില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് എല്‍ഡിഎഫിന് അനുകൂലമാകുമോ?

അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് തന്നെ വിജയിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഏറ്റവും അധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് അരൂര്‍. എല്‍ഡിഎഫിന്റെ ഏത് സ്ഥാനാര്‍ത്ഥി മത്സരിച്ചാലും വിജയിക്കുമെന്നാണ് കരുതുന്നത്.

എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ തിരിച്ചടിയാകുമെന്ന് കരുതുന്നുണ്ടോ?

എംഎല്‍എ സ്ഥാനം രാജിവെക്കുന്നില്ലല്ലോ? നേരത്തേ എംഎല്‍എ സ്ഥാനം രാജിവെച്ചാണ് കെ സി വേണുഗോപാല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. ഗവര്‍ണര്‍ സ്ഥാനാം രാജിവെച്ചുവരെ മത്സരിക്കുന്നവരില്ലേ? ഒരാള്‍ ഒരു സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് വിട്ട് പുറത്തുപോകരുതെന്നൊക്കെ പറയുന്നത് ശരിയല്ല.

വികസന കാര്യത്തില്‍ കെ എസ് രാധാകൃഷ്ണന് വ്യക്തമായ കാഴ്ചപ്പാടുണ്ട്

ആലപ്പുഴയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാട്

ആലപ്പുഴയിലെ വികസനം രണ്ട് തരത്തില്‍ വേണമെന്നാണ് എന്റെ അഭിപ്രായം. ആലപ്പുഴയുടെ അടിസ്ഥാന സാമ്പത്തിക സ്രോതസ് എന്നു പറയുന്നത് മൂന്ന് കാര്യങ്ങളാണ്, നെല്ലും തെങ്ങും മീനും. ഈ മൂന്നു രംഗങ്ങളും തകര്‍ന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ആ രംഗങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടത്. ആ മേഖലയില് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുനരുജ്ജീവനമാണ് വേണ്ടത്. പെട്ടെന്ന് മാറ്റിയെടുക്കുക എന്നല്ല. ഒരു ട്രഡീഷണല്‍ മോഡ് ഓഫ് ലൈഫ് ഉണ്ട്. അതിനെ അപ്പാടെ മാറ്റരുത്. അതിനെ സംരക്ഷിച്ചുകൊണ്ട് ആ രംഗത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്.

കൊച്ചി നഗരത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ജില്ലയാണ് ആലപ്പുഴ. കൊച്ചിയുടെ ഏറ്റവും ശക്തമായ ഉപനഗരമായി മാറേണ്ടത് ആലപ്പുഴയാണ്. കുമ്പളത്തു നിന്നും നേരിട്ടു വന്നാല്‍ അരൂരായി. ഇതിന് ഒരു മെട്രോ കണക്ടിവിറ്റി ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കണം. സാധാരണക്കാരായ നിരവധിയാളുകള്‍ക്ക് അതിന്റെ ഉപയോഗം ലഭിക്കും. ജോലി സാധ്യത മാത്രമല്ല, ആലപ്പുഴയുടെ സ്വഭാവം തന്നെ മാറിപ്പോകും. ഒരു ഫാസ്റ്റ് ലൈഫിലേക്ക് ആലപ്പുഴ മാറും. അതുമൂലം നിരവധി ജോലി സാധ്യതകള്‍ ഉണ്ടാകുകയും ചെയ്യും.

കുടിവെള്ള പ്രശ്‌നത്തിന് നിര്‍ദ്ദേശിക്കാവുന്ന പരിഹാര മാര്‍ഗങ്ങള്‍?

ആലപ്പുഴയിലെ വെള്ളം കെട്ടിക്കിടക്കുന്നതാണ്. ‘വെള്ളം വെള്ളം സര്‍വത്ര, തുള്ളികുടിക്കാനില്ലത്രേ’ എന്ന അവസ്ഥയാണ്. വെള്ളം മലിനമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാലിന്യം അടിയുമെന്ന കാര്യത്തില്‍ സംശയമില്ല. വെള്ളം കെട്ടിക്കിടക്കാതെ ഒഴുകാനുള്ള സംവിധാനം ഉണ്ടാക്കണം. അത് എങ്ങനെ നടപ്പിലാക്കണം എന്നത് ഗഹമനമായി പരിശോധിക്കേണ്ട ഒരു കാര്യമാണ്. ഇതിന് ഒരു സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്തി നടപ്പിലാക്കേണ്ട ഒന്നാണത്.

കുട്ടനാട് പാക്കേജ് പൂര്‍ണ്ണ പരാജയമാണെന്ന് കരുതുന്നുണ്ടോ?

കുട്ടനാട് പാക്കേജ് പൂര്‍ണ്ണ പരാജയമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കുട്ടനാട് പാക്കേജ്, പാക്കേജ് ആയിട്ടു തന്നെ നടപ്പിലാക്കണം. സമഗ്ര പദ്ധതിക്കാണല്ലോ പാക്കേജ് എന്നു പറയുന്നത്. ആ സമഗ്ര പദ്ധതി അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ ആകെ തെറ്റിപ്പോകും. കൈയിട്ട് വാരല്‍ ഉണ്ടാകരുത്. പദ്ധതിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആ പദ്ധതിക്ക് രൂപം നല്‍കിയവരുമായി ചര്‍ച്ച ചെയ്തിട്ടുവേണം മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍. ഉദ്യോഗ തലത്തില്‍ മാത്രം തീരുമാനിക്കേണ്ട ഒന്നല്ല.

പ്രളയം ഏറ്റവും അധികം ബാധിച്ച സ്ഥലങ്ങളില്‍ ഒന്നാണ് കുട്ടനാട്. പ്രളയാനന്തര പുനര്‍നിര്‍മ്മാണം എത്രത്തോളം സാധ്യമായെന്നാണ് കരുതുന്നത്?

സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. പറഞ്ഞു എന്നല്ലാതെ ഒന്നും നടപ്പിലാക്കിയിട്ടില്ല. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് അമിക്കസ് ക്യൂറി തന്നെ പറഞ്ഞു. പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടപ്പിലാകുന്ന ഒന്നല്ല. സന്നദ്ധ സംഘടനകള്‍, സാമുദായിക സംഘടനകള്‍, സാമ്പത്തിക രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പെടെയുണ്ട്. അവരുടെ എല്ലാവരുടേയും സഹകരണത്തോടെ വേണം അത് നടപ്പിലാക്കാന്‍. ഗവണ്‍മെന്റ് ആറ് ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ഒരു വീട് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാലോ, നാലര ലക്ഷത്തിനോ പണിയാന്‍ സാധിക്കും. ഗവണ്‍മെന്റ് മുന്നിട്ട് നിന്ന് അത് നടപ്പിലാക്കണം.

രാഷ്ട്രീയ രംഗത്ത് തുടക്കക്കാരനാണ്. മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തന പരിചയമുള്ളവര്‍. എതിര്‍സ്ഥാനാര്‍ത്ഥികളെ കുറിച്ച്?

എതിര്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അഭിപ്രായം പറയാനില്ല.

തെരഞ്ഞെടുപ്പിന്റെ അവസാന വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളോട് ചിലത് പറയാന്‍ ഉണ്ടാകും. അവര്‍ക്ക് പറയാനുള്ള വികസനവും രാഷ്ട്രീയവും ട്വന്റിഫോര്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രത്യേക പംക്തി- വോട്ട്‌സ്അപ്’; നിങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top