‘കേരളത്തിൽ അയ്യപ്പ ഭഗവാന്റെ പേരു പറയാൻ പോലും പറ്റാത്ത അവസ്ഥയാണ് ‘ : പ്രധാനമന്ത്രി

തെക്കേയിന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളിൽ ശബരിമല വിഷയം കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ അയ്യപ്പ ഭഗവാന്റെ പേരു പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും സിപിഐഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളിയാണെന്നും നരേന്ദ്രമോദി ആരോപിച്ചു.
കോഴിക്കോട് വിജയ് സങ്കൽപ് റാലിയിൽ ഏറ്റെടുത്ത ശബരിമല വിഷയം തമിഴ്‌നാട്ടിലും കർണാടകത്തിലുമെത്തിയതോടെ ആളിക്കത്തിക്കുകയാണ് പ്രധാനമന്ത്രി. തേനിയിൽ ബിജെപി പ്രചാരണ റാലിയിലും പ്രധാന വിഷയം ശബരിമലയായിരുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളിയാണ്. എന്നാൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പം നിന്ന പാർട്ടിയാണെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.
Read Also : ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി
ബിജെപിയുടെ സിറ്റിംഗ് സീറ്റും ശക്തി കേന്ദ്രവുമായ മംഗലാപുരത്തെത്തിയതോടെ പ്രസംഗത്തിന് തീവ്രത അൽപം കൂടി. കേരളത്തിൽ അയ്യപ്പ ഭഗവാന്റെ പേരു പറയാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നതിനാലാണ് ഈ അവസ്ഥയുണ്ടായത്. ബി ജെ പി സ്ഥാനാർത്ഥിക്ക് അയ്യപ്പന്റെ പേരിൽ 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്നും നരേന്ദ്രമോദി ആരോപിച്ചു.
അതേസമയം സൈന്യം പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ വീണ്ടും ഇടം പിടിച്ചു. ബലിദാനികളെ കുറിച്ച് പറയുമ്പോൾ കോൺഗ്രസിന് ബുദ്ധിമുട്ടാകുന്നു. തീവ്രവാദികളെ അവരുടെ താവളങ്ങളിൽ കയറി കീഴ്‌പ്പെടുത്തുന്നതിനെ വിമർശിക്കുകയാണ്. സൈന്യാധിപനെ പോലും അവഹേളിക്കുകയാണ് കോൺഗ്രസെന്നും മോദി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here