വഴുതിപോയ ഗവര്‍ണര്‍ പദവി; കുലുങ്ങാതെ ബാബുപോള്‍
-പിപി ജെയിംസ്
ഡോ ഡി ബാബുപോള്‍ മേഘാലയ ഗവര്‍ണറാവും എന്ന് ഏതാണ്ട് ഉറപ്പിച്ച സമയം. ഒമ്പതു പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാനായി അന്നത്തെ പ്രധാനമന്ത്രി എ ബി വാജ് പേയിയും ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ എല്‍ കെ അദ്വാനിയും കൂടിക്കാഴ്ച നടത്തി.
അദ്വാനി ഔദ്യോഗിക ലിസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടു. എട്ടു ഗവര്‍ണര്‍മാരും ഔദ്യോഗിക ലിസ്റ്റില്‍ നിന്നാവാം. എന്നാല്‍, കോണ്‍ഗ്രസ് നേതാവായിരുന്ന എം എം ജേക്കബ് മേഘാലയ ഗവര്‍ണര്‍ ആയി തുടരട്ടെ എന്നായി വാജ്‌പേയ്. അദ്വാനി ആശയക്കുഴപ്പത്തിലായി. വാജ്‌പേയിയുടെ ഏറ്റവും അടുത്ത സൃഹൃത്തായിരുന്നു എം എം ജേക്കബ്. പ്രധാന മന്ത്രിയുടെ ആവശ്യത്തിനു വഴങ്ങി ബാബു പോളിന് കപ്പിനും ചുണ്ടിനും ഇടയില്‍ ഗവര്‍ണര്‍ സ്ഥാനം നഷ്ടമായി.
ബാബുപോള്‍ സാര്‍ ഗവര്‍ണറായിട്ടു വേണം രാജ്ഭവനില്‍ വന്ന് ഒന്ന് ആഘോഷിക്കാന്‍ എന്ന് ഞാന്‍ പറയുമായിരുന്നു. അന്നൊക്കെ പതിവു ചിരിയായിരുന്നു മറുപടി. പലസ്ഥാനമാനങ്ങളും അടുത്തെത്തിയിട്ടു വഴുതിപ്പോയപ്പോഴൊന്നും അദ്ദേഹം പരിഭവിച്ചിട്ടില്ല. എന്നാല്‍, തന്നെ അറിയാതെ ഓംബുഡ്‌സ്മാന്‍ പദവി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ തന്റെ പരിഭവം മറച്ചുവെച്ചതുമില്ല.
ബാബുപോള്‍ സാര്‍ ജീവിതയാത്ര മതിയാക്കി മടങ്ങുമ്പോള്‍ ഓര്‍മ്മിക്കാന്‍ ഏറെ …
മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവായ വേദ ശബ്ദരത്‌നാകരത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കാന്‍ യോഗ്യനായ ആചാര്യനെ അന്വേഷിക്കുകയായിരുന്നു ബാബു പോള്‍.
ഒരു ദിവസം രാവിലെ എന്നെ വിളിച്ചു. ദലൈലാമയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. ലാമ വരുമോ എന്ന് അദ്ദേഹത്തിന് സംശയം. അന്ന് സിബിസിഐ പ്രസിഡന്റായിരുന്ന ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ് വഴി ക്ഷണം അയച്ചാല്‍ നന്നായിരുക്കുമെന്ന് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ അതിഥി ആയി ദലൈലാമയെ സ്വാഭാവികമായും സ്വീകരിക്കും. ചിലവെല്ലാം സര്‍ക്കാര്‍ വക. ഇതെല്ലാം കേട്ടപ്പോള്‍ ആര്‍ച്ച് ബിഷപ്പിനും സന്തോഷം.
കത്തിന് ഉടന്‍ മറുപടി വന്നു. ദലൈലാമ വരാന്‍ തയ്യാര്‍. അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്ന ടികെ രാമകൃഷ്ണനെ കണ്ട് ബാബു പോള്‍ കാര്യമറിയിച്ചു. അപ്പോഴാണ് ശരിക്കും ഞെട്ടിയത്. അടുത്ത സുഹൃത്ത് കൂടിയായ സാംസ്‌കാരിക മന്ത്രി അപകടം മണത്തു. ചൈനീസ് വിരുദ്ധനായ ദലൈലാമയെ സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയാക്കിയാല്‍ പാര്‍ട്ടി ക്ഷോഭിക്കുമെന്ന് പറഞ്ഞ് ടി കെ കൈയൊഴിഞ്ഞു.
ദലൈലാമയെ കൊണ്ടുവന്നതിന്റെ മുഴുവന്‍ ചിലവും ആര്‍ച്ച് ബിഷപ്പിന്റെയും ബാബുപോളിന്റെയും ചുമലിലായി. ഇതറിഞ്ഞ സിറിള്‍ തിരുമേനിക്കും പരിഭവം. ഒടുവില്‍ ദലൈലാമയെ കൊണ്ടുവന്ന് പ്രകാശനം ഗംഭീരമായി നടന്നു. പണം കുറെ ചിലവായി. പക്ഷേ എന്റെ ഉപദേശം തെറ്റായെന്ന് ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞിട്ടില്ല. എന്തന്നാല്‍, അങ്ങനെ ഒരു പ്രകാശന കര്‍മ്മം അര്‍ഹിക്കുന്ന ഗ്രന്ഥമായിരുന്നു വേദശബ്ദരത്‌നാകരം.
നാല്‍പ്പതോളം പുസ്തകങ്ങള്‍ എഴുതിയെങ്കിലും ബാബുപോളിന്റെ ഏറ്റവും വലിയ സംഭാവനയായി ഈ ഗ്രന്ഥം അറിയപ്പെടുന്നു. ജീവിതത്തിനു നേരെ നോക്കി നര്‍മ്മഭാവത്തോടെ പൊട്ടിച്ചിരിക്കുകയും, ചിലപ്പോള്‍ ഏകനായി സങ്കടപ്പെടുകയും ചെയ്ത പച്ച മനുഷ്യന്‍…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here